ന്യൂയോർക്ക്: യുഎസിലെ ന്യൂഓർലിയൻസ് നഗരത്തിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. ലൂസിയാന നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാ ഫ്രഞ്ച് ക്വാർട്ടറിൽ തിരക്കേറിയ ബോർബൻ സ്ട്രീറ്റിൽ പ്രാദേശിക സമയം പുലർച്ചെ 3.15നാണു സംഭവം. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവം ഭീകരാക്രമണമെന്ന് സംശിയിക്കുന്നതായി എഫ്ബിഐ വൃത്തങ്ങൾ സൂചിപിച്ചു.
വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവർഷം ആഘോഷിക്കാനായി എത്തിയിരുന്നത്. അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരേയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. വെള്ള നിറത്തിലുള്ള ട്രെക്ക് അമിത വേഗത്തിലെത്തിലാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവർ പിന്നീടു പൊലീസുമായി ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. ഇവരുടെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങളില്ല. സംഭവസ്ഥലത്തുനിന്ന് സ്ഫോടകവസ്തു കണ്ടെടുത്തിട്ടുണ്ട്. 42 വയസുകാരനായ ഷംസുദ്-ദിൻ ജബ്ബാറാണ് ട്രക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ടെക്സാസിൽ ജനിച്ച് വളർന്ന അദ്ദേഹം മുമ്പ് യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണെന്നും സൂചനയുണ്ട്.
പരമാവധി ആളുകളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു വാഹനമോടിച്ചുകയറ്റിയതെന്നു പൊലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ പറഞ്ഞു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ചേർന്ന് സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അപകടമുണ്ടാക്കിയ ട്രക്കിൻ്റെ പിന്നിലെ ബമ്പറിൽനിന്ന് കറുത്ത ഐഎസ് പതാക കണ്ടെടുത്തിട്ടുണ്ടെന്ന് എഫ്ബിഐ സ്പെഷൽ ഏജൻ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇലക്ട്രിക് ഫോർഡ് പിക്കപ്പ് ട്രക്ക് ആയിരുന്നു ആക്രമണത്തിനായി ഉപയോഗിച്ചത്. അത് വാടകയ്ക്ക് എടുത്തതാണെന്ന് കരുതുന്നുവെന്നും എഫ്ബിഐ പറഞ്ഞു.
ഒരു ഭീകര അക്രമം ബൂർബോൺ തെരുവിൽ നടന്നുവെന്നും ആരും അങ്ങോട്ടേക്ക് പോകരുതെന്നും ലൂസിയാന ഗവർണർ ജെഫ് ലാൻഡി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ന്യൂ ഓർലിയാൻസിൽ പുതുവത്സരം ആഘോഷിക്കുന്ന ജനക്കൂട്ടത്തിന് നേരെയുണ്ടായ മാരകമായ ആക്രമണം തന്നെ ഭയപ്പെടുത്തിയെന്നും തൻ്റെ രാജ്യം അമേരിക്കൻ ജനതയ്ക്കൊപ്പം നിൽക്കുന്നതായും ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. “ഈ ഭയാനകമായ പ്രവൃത്തിക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.







