വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിൽ വിദഗ്ധ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് 1.2 മില്യൺ ആളുകൾ. ഇവരിൽ പലരും ആറ് മാസം മുതൽ പല വർഷങ്ങൾ വരെയായി കാത്തിരിക്കുന്നവരാണ്. കൗൺസിൽ ഓഫ് സ്പെഷ്യലിസ്റ്റ്സ് ഓഫ് ബി.സി. ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. പ്രസവ, ശിശുരോഗ ചികിത്സ തുടങ്ങിയ മേഖലകളിൽ ചികിത്സാ സൗകര്യങ്ങൾ മോശമായി വരികയാണെന്നാണ് സിഎസ്ബിസിയുടെ പ്രസിഡൻ്റായ ഡോ. റോബർട്ട് കാരുത്തേഴ്സ് പറയുന്നത്. ദീർഘമായ കാത്തിരിപ്പ് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചികിത്സാ കാലതാമസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി Every Number is a Story എന്ന പേരിൽ കൗൺസിൽ ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഒരു രോഗിക്ക് ഭാഗികമായ പക്ഷാഘാതം സംഭവിച്ചതിന് ശേഷം ഒരു ഹെമറ്റോളജിസ്റ്റിനെ കാണാൻ ഒരു വർഷത്തോളമാണ് കാത്തിരിക്കേണ്ടി വന്നത്. യൂറോളജിസ്റ്റിനായുള്ള കാത്തിരിപ്പിനിടെ മറ്റൊരു രോഗിയെ പല തവണ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടേണ്ടതായും വന്നു. ചെറിയ രോഗാവസ്ഥകളെപ്പോലും ഗുരുതരവും ചെലവേറിയതുമായ അടിയന്തിര സാഹചര്യങ്ങളാക്കി മാറ്റാൻ ഈ കാലതാമസത്തിന് കഴിയുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സ്പെഷ്യലിസ്റ്റുകൾക്കുള്ള റിസോഴ്സസ് വർദ്ധിപ്പിക്കണമെന്ന് കൗൺസിൽ പ്രൊവിൻഷ്യൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.







