newsroom@amcainnews.com

എംടിയുടെ വിയോഗം: അനുശോചിച്ച് രാഷ്ട്രീയ – സാംസ്കാരിക കേരളം; സംസ്ഥാനത്ത് 2 ദിവസത്തെ ദുഖാചരണം, ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു

തിരുവനന്തപുരം: മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കുന്നതിൻ്റെ ഭാഗമായി ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു.

എംടിയുടെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ – സാംസ്കാരിക കേരളം. തലമുറകളെ സ്വാധീനിച്ച പ്രിയ എഴുത്തുകാരന് അന്ത്യാഞ്ജലിയുമായ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തി. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുശോചനം

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി. ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും. എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്. എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

കെ സുധാകരൻറെ അനുശോചനം

എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു.ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു.ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എംടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ കഥകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പർശിച്ചിരുന്നു.അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാർ ഏറ്റെടുത്തത്. വൈകാരിക സംഘർഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങൾ വായനക്കാരിൽ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലർത്തിയ സാഹിത്യകാരനാണ്. താൻ മുൻപെഴുതിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികൾ ഓരോന്നിനെയും മികവുറ്റതാക്കി.മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരൻ എംടിയുടെ വേർപാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ.സുധാകരൻ പറഞ്ഞു.

You might also like

കാനഡ വിടുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്; രാജ്യത്തെത്തി 20 വർഷം കഴിഞ്ഞവരിൽ 17.5 ശതമാനം പേരും കാനഡ വിട്ടെന്ന് കണക്കുകൾ

കാട്ടുതീ ബാധിതർക്ക് ഔദ്യോഗിക രേഖകൾ സൗജന്യമായി നൽകും; കാനഡ സർക്കാർ

‘ട്രൂത്ത് സോഷ്യലോ, ഞാന്‍ കേട്ടിട്ടേയില്ല’; ട്രംപിന്റെ പരിഹാസത്തിന് പിന്നാലെ മസ്‌കും

ഉഷ്ണതരംഗം: ‘ഹീറ്റ് റിലീഫ് നെറ്റ്വര്‍ക്ക്’ സജീവമാക്കി ടൊറന്റോ സിറ്റി

ലോകത്തിലെ ഏറ്റവും മികച്ച ഔട്ട്‌ഡോർ ഷോ ആയ കാൽഗറി സ്റ്റാംപീഡിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ശനിയാഴ്ച മാത്രം സന്ദർശിച്ചത് 1,42,199 പേർ

വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും; വിറ്റാമിൻ ഡി അസ്ഥികൾക്ക് മാത്രമല്ല, തലച്ചോറിൻറെ ആരോഗ്യത്തിനും പ്രധാനം; മെമ്മറി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

Top Picks for You
Top Picks for You