ആലപ്പുഴ: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുമതിയിൽ എതിർപ്പുമായി സിപിഐ. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. നിലപാട് എൽഡിഎഫ് നേതൃത്തെ അറിയിക്കും.
ഒയാസിസ് കമ്പനിക്ക് നൽകിയ മദ്യഉല്പാദന അനുമതിയിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വേണ്ട എന്ന നിലപാട് പറയുന്നത്. അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നിൽക്കാനാണ് ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. വികസനം ആവശ്യമാണെങ്കിലും അതിലും പ്രധാനം കുടിവെള്ളമാണ്. ഇതിനകം ഉയർന്ന് വന്ന കുടിവെള്ള പ്രശ്നം അവഗണിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. ഭൂഗർഭജലമെടുക്കാതെയാണ് പദ്ധതിയുടെ നിർമ്മാണമെന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചതായി പാർട്ടി മന്ത്രിമാർ യോഗത്തെ അറിയിച്ചു. പക്ഷേ ഭൂരിപക്ഷം അംഗങ്ങളും ആശങ്ക തീർക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി.
അനുമതിക്ക് മുമ്പ് മുന്നണിയിൽ കാര്യമായ ചർച്ച നടന്നില്ലെന്നും വിമർശനം ഉയർന്നു. ആശങ്ക എൽഡിഎഫ് നേതൃത്വത്ത അറിയിക്കാൻ പാർട്ടി നേതൃത്വത്തെ ചുമതലപ്പെടുത്തി. ഇനിയും അപേക്ഷ കിട്ടിയാൽ അനുമതി നൽകുമെന്നായിരുന്നു പ്രതിഷേധം തള്ളിക്കൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങളെല്ലാം പൊളിഞ്ഞെന്ന് എക്സൈസ് മന്ത്രി എംബി രാജേഷും വ്യക്തമാക്കിയിരുന്നു. ബ്രൂവറി വിവാദം മെല്ലെ തണുത്തെന്ന് കരുതുന്നതിനിടെയാണ് സർക്കാറിന് വലിയ വെല്ലുവിളിയായി സിപിഐ നിലപാട് കടുപ്പിക്കുന്നത്.