newsroom@amcainnews.com

വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പര: നാട്ടിൽ സാമ്പത്തിക ബാധ്യതയില്ല; നി‍ർണായക പ്രതികരണവുമായി പ്രതി അഫാൻറെ പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചുപേരുടെ കൂട്ടക്കൊലയിൽ പ്രതികരണവുമായി പ്രതി അഫാൻറെ പിതാവ് റഹീം. നാട്ടിൽ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള ബാധ്യതകൾ മാത്രമേയുള്ളുവെന്നും സൗദിയിൽ കച്ചവടം ചെയ്യുന്ന റഹീം മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ബാധ്യതയോ പെൺകുട്ടിയുമായുള്ള ബന്ധമോ ഒന്നും അറിയിച്ചിട്ടില്ലെന്നും പിതാവ് റഹീം പറഞ്ഞു. സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും ഇല്ല. അഫാന് മറ്റു പ്രശ്നങ്ങളുള്ളതായോ ഒരു വിവരവും അറിയില്ലെന്നും റഹീം പറഞ്ഞു.

അതേസമയം, റഹീമിന് സൗദിയിൽ കടബാധ്യതയുള്ളതിനാൽ നാട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പിതാവിന് 75 ലക്ഷത്തിൻറെ ബാധ്യതയുണ്ടെന്നും സഹായം ചോദിച്ചിട്ട് ആരും നൽകിയില്ലെന്നും ഇതിനാലാണ് കൊല നടത്തിയതെന്നുമാണ് അഫാൻറെ മൊഴി. എന്നാൽ, നാട്ടിൽ സാമ്പത്തിക ബാധ്യതയില്ലെന്നാണ് റഹീം പറയുന്നത്.

പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിഷം കഴിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്ന് പ്രതി അഫാൻ ചികിത്സയിലായതിനാൽ കൂടുതൽ ചോദ്യം ചെയ്യാനായിട്ടില്ല. പ്രതിയുടെ മൊഴിയും പിതാവിൻറെ പ്രതികരണവും തമ്മിലുള്ള വൈരുധ്യവും അന്വേഷണത്തിൽ നിർണായകമായേക്കും. സാമ്പത്തിക ബാധ്യതയാണെങ്കിൽ പെൺസുഹൃത്തിനെയും ബന്ധുക്കളെയും അനുജനെയുമടക്കം കൊലപ്പെടുത്തിയത് എന്തിനാണെന്ന് ചോദ്യവും അപ്പോഴും ബാക്കിയാകുകയാണ്.

അതേസമയം, ആശുപത്രിയിൽ തുടരുന്ന അഫാൻറെ ആരോഗ്യനില തൃപ്തികരമാണ്. പ്രതി അഫാൻറെ മൊഴി ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് മൊഴി രേഖപ്പടുത്തുന്നത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ അടക്കമുള്ള തീരുമാനമെടുക്കുന്നതിൽ ഡോക്ടർമാരുടെ അഭിപ്രായം കൂടി പൊലീസ് തേടിയിട്ടുണ്ട്.

കേരളത്തെ നടുക്കി തിരുവനന്തപുരത്തെ കൂട്ടക്കൊലയിലെ എഫ്ഐആറും പുറത്തുവന്നു.മാരകായുധങ്ങൾ ഉപയോഗിച്ചാണ് പ്രതി അഞ്ചുപേരെയും കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. റിപ്പർ മോഡൽ നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ചുറ്റിക അടക്കമുള്ള മാരാകായുധങ്ങൾ ഉപയോഗിച്ചാണ് 23കാരനായ അഫാൻ അ‍ഞ്ചുപേരെയും കൊലപ്പെടുത്തിയത്. കൊല നടത്തുന്നതിനായി പ്രതി ചുറ്റിക വാങ്ങിയെന്നും മൊഴിയുണ്ട്.

കൊലപ്പെടുത്തിയ മാരാകായുധം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്‍പി പറഞ്ഞു. മൂന്നിടങ്ങളിലും ഒരേ ആയുധമാണോ ഉപേയാഗിച്ചതെന്ന കാര്യമടക്കം അന്വേഷിച്ചുവരുകയാണെന്നും റൂറൽ എസ്‍പി പറഞ്ഞു. പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായി മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും റൂറൽ എസ്‍പി പറഞ്ഞു. ചിലരെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നും വിവരമുണ്ട്. മൃതദേഹങ്ങൾ കണ്ട നാട്ടുകാരും അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും വലിയ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്.

You might also like

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

Top Picks for You
Top Picks for You