പലസ്തീൻ രാഷ്ട്രത്തിനായി ധനസഹായം നൽകുമെന്ന് കാനഡ. കൂടാതെ ഗാസയിലെ മാനുഷിക സഹായത്തിലേക്ക് 3 കോടി ഡോളർ കൂടി സംഭാവന ചെയ്യുമെന്ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു. മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് പലസ്തീൻ പ്രശ്നം പരിഹരിക്കുന്നത് പ്രധാനമാണെന്നും അവർ വ്യക്തമാക്കി.
ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തിന് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ ജനാധിപത്യ സർക്കാർ ആവശ്യമാണെന്ന് അനിത ആനന്ദ് വ്യക്തമാക്കി. ഇസ്രയേലുമായി സമാധാനപരമായി സഹവർത്തിക്കുന്ന പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനെ പതിറ്റാണ്ടുകളായി കാനഡ പിന്തുണയ്ക്കുന്നു. പലസ്തീൻ രാഷ്ട്രം ഭരിക്കുന്നതിൽ ഹമാസിന് പങ്കില്ലെന്നും, അതേസമയം ഗാസയും വെസ്റ്റ് ബാങ്കും ഭരിക്കുന്നതിന് ആവശ്യമായ സമഗ്രമായ പരിഷ്കാരങ്ങൾക്ക് പലസ്തീൻ അതോറിറ്റി വിധേയമാകണമെന്നും അനിത ആനന്ദ് കൂട്ടിച്ചേർത്തു. ഈ പരിഷ്കാരങ്ങൾ വേഗത്തിലാക്കാനും പലസ്തീൻ അതോറിറ്റിയെ കൂടുതൽ പ്രാപ്തരാക്കാനും സഹായിക്കുന്നതിനായി കാനഡ ഈ വർഷം 1 കോടി ഡോളർ ചെലവഴിക്കുമെന്നും അനിത ആനന്ദ് സമ്മേളനത്തിൽ പറഞ്ഞു.