രാജ്യത്തുടനീളം പടര്‍ന്നുപിടിക്കുന്ന കാട്ടുതീ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തും. മെയ്, ജൂണ്‍ മാസങ്ങളിലുണ്ടായ കാട്ടുതീ തരംഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് പ്രധാനമന്ത്രി മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാരുമായും യോഗം ചേര്‍ന്നിരുന്നു. കാട്ടുതീക്ക് ഒരു ഇടവേള വന്നെങ്കിലും പിന്നീട് സസ്‌കാച്വാന്‍, മാനിറ്റോബ, വടക്കന്‍ ഒന്റാരിയോ എന്നിവിടങ്ങളില്‍ വീണ്ടും തീ കത്തിപ്പടരുകയാണ്.
നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ കാരണം മാനിറ്റോബയില്‍ ആറായിരത്തിലധികം ആളുകള്‍ നിലവില്‍ വീടുകളില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. ലിന്‍ ലേക്ക്, സ്‌നോ ലേക്ക് എന്നീ കമ്മ്യൂണിറ്റികള്‍ ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം തവണയും താമസക്കാരോട് പലായനം ചെയ്യാന്‍ ഉത്തരവിട്ടു. സസ്‌കാച്വാനില്‍ കാട്ടുതീ കാരണം നിരവധി കമ്മ്യൂണിറ്റികളിലായി ഏകദേശം 1,000 താമസക്കാരെ ഒഴിപ്പിച്ചു. കൂടാതെ കാട്ടുതീ പുക പടര്‍ന്നതോടെ കാനഡയിലെ നിരവധി നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്.