newsroom@amcainnews.com

ഐഎസ്ആർഒയുടെ കന്നി സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകിയേക്കും; ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തിയെന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പേഡെക്സ്) ഇനിയും വൈകുമെന്ന് സൂചനകൾ. ഇന്ന് നടത്താനിരുന്ന സ്പേഡെക്സ് പരീക്ഷണം സാങ്കേതിക പ്രശ്നം കാരണം മാറ്റിവെക്കുകയായിരുന്നു. രണ്ടാം തവണയാണ് ഇസ്രൊ സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം നീട്ടിവയ്ക്കുന്നത്. പേടകത്തിന്‍റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തിയത് എന്തുകൊണ്ടാണെന്ന് ഐഎസ്ആര്‍ഒ പരിശോധിക്കുന്നു.

ഐഎസ്ആർഒയുടെ കന്നി സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും. ഇന്ന് (09-01-2025) നടത്താനിരുന്ന സ്പേഡെക്സ് കൂട്ടിച്ചേർക്കൽ ശ്രമം മാറ്റിവയ്ക്കുകയാണെന്ന് ഇന്നലെ രാത്രി തന്നെ ഇസ്രൊ അറിയിച്ചിരുന്നു. സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് താഴ്ത്താൻ ഇന്നലെ രാത്രിയോടെ നൽകിയ നി‍ർദേശം നടപ്പാക്കുന്നതിനിടെയാണ് സാങ്കേതിക പ്രശ്നമുണ്ടായത്. ഉപഗ്രഹങ്ങള്‍ പരസ്പരം അടുക്കുന്നത് നിശ്ചയിച്ചതിലും വേഗത്തിലായതാണ് പ്രശ്നം. പേടകത്തിന്‍റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്വയം പ്രവർത്തനം നിർത്തിയതാണ് പ്രശ്നമെന്നാണ് ലഭിക്കുന്ന സൂചന. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഇസ്രൊ പരിശോധിക്കുകയാണ്.

ഇന്ത്യൻ സമയം അർധരാത്രി കഴിഞ്ഞ് 22 മിനിറ്റിന് ശേഷം ടാസ്മാനിയയിൽ നിന്ന് ലഭിച്ച ചിത്രമനുസരിച്ച് ഇപ്പോൾ സ്പേഡെക്സ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം അഞ്ച് കിലോമീറ്ററിന് അടുത്താണ്. ഡോക്കിംഗ് പരീക്ഷണത്തിനായി നിശ്ചയിച്ചിരിക്കുന്ന അടുത്ത സമയം ഇസ്രൊ അറിയിച്ചിട്ടില്ല. ആദ്യം ജനുവരി 6ന് ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആലോചിച്ചിരുന്നത്. ഇത് സാങ്കേതിക കാരണങ്ങളാല്‍ 9-ാം തിയതിയിലേക്ക് നീട്ടിവെച്ചെങ്കിലും വീണ്ടും പരീക്ഷണം മാറ്റാന്‍ ഐഎസ്ആര്‍ഒ ഇന്നലെ രാത്രി നിര്‍ബന്ധിതമാവുകയായിരുന്നു.

എന്താണ് സ്‌പേഡെക്‌സ് ?

സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് സ്പെയ്ഡെക്സ് (SpaDeX – Space Docking Experiment). പി.എസ്.എല്‍.വി. 60 റോക്കറ്റില്‍ 476 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുന്ന ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) എന്നീ ഉപഗ്രഹങ്ങളെയാണ് ഐ.എസ്.ആര്‍.ഒ. ഡോക്ക് ചെയ്യിക്കുക. ഓരോ ഉപഗ്രഹങ്ങള്‍ക്കും 220 കിലോഗ്രാം വീതമാണ് ഭാരം.

ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുകയും ചെയ്യും (അണ്‍ഡോക്കിങ്). ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും.

സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും മനുഷ്യരുടെ ബഹിരാകാശയാത്രാ ദൗത്യമായ ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനുമെല്ലാം ഈ സാങ്കേതിക വിദ്യ ഒഴിവാക്കാനാവാത്തതാണ്. ചിലവ് കുറഞ്ഞ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കാനായാല്‍ ചൈന, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെടും.

You might also like

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

Top Picks for You
Top Picks for You