ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ ന്യൂയോർക്ക് നഗരത്തിലെ വാഷിംഗ്ടൺ ഹൈറ്റ്‌സ് എന്ന ജനവാസ മേഖല കടുത്ത ആരോഗ്യ സുരക്ഷാ ഭീഷണിയുയർത്തിക്കൊണ്ട് ഒരു തുറന്ന പ്രിസ്‌ക്രിപ്ഷൻ മരുന്ന് വിപണിയായി മാറിയിരിക്കുന്നു. വെസ്റ്റ് 179 മുതൽ വെസ്റ്റ് 183 വരെയുള്ള തെരുവുകളിലും സെന്റ് നിക്കോളാസ് അവന്യുവിലുമായി വ്യാപിച്ചുകിടക്കുന്ന 10 സ്ക്വയർ ബ്ലോക്കുകളിലാണ് ഈ നിയമവിരുദ്ധ കച്ചവടം നടക്കുന്നത്. യാതൊരു ഭയവുമില്ലാതെ പരസ്യമായാണ് ഇവിടെ വേദനസംഹാരികൾ, ലൈംഗിക ഉത്തേജന ഗുളികകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള പ്രിസ്‌ക്രിപ്ഷൻ മരുന്നുകൾ വിറ്റഴിക്കുന്നത്. മലിനമായ മടക്കുമേശകളിൽ ബ്ലിസ്റ്റർ പാക്കുകളിലും കുപ്പികളിലുമായി മരുന്നുകൾ നിരത്തിവച്ചാണ് ഇരുപതിലധികം വരുന്ന കച്ചവടക്കാർ ഇവിടെ കച്ചവടം നടത്തുന്നത്.
ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് യാതൊരുവിധ മെഡിക്കൽ നിർദ്ദേശങ്ങളുമില്ലാതെയാണ് ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകൾ നൽകുന്നത്. കഫക്കെട്ടിനും തൊണ്ടവേദനയ്ക്കും എന്നപേരിൽ അമോക്സിലിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ ഒരു ഷീറ്റിന് 5 ഡോളർ എന്ന നിരക്കിൽ ഇവിടെ വിൽക്കുന്നുണ്ട്. വയാഗ്ര, സിയാലിസ് തുടങ്ങിയ ലൈംഗിക ഉത്തേജന മരുന്നുകളും, കടുത്ത വേദനസംഹാരിയായ കാറ്റാക്ലോഫെൻ പ്ലസും, ആംപിസിലിൻ പോലുള്ള ആന്റിബയോട്ടിക്കുകളും ഈ തെരുവ് ഫാർമസിയിൽ ലഭ്യമാണ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മരുന്നുകൾ ന്യൂയോർക്കിലേക്ക് കടത്തിയാണ് ഇവർ വൻ ലാഭത്തിൽ വിൽക്കുന്നത്. ഒരു നല്ല ദിവസത്തിൽ 300 ഡോളറിലധികം ഇവർക്ക് ഇതിലൂടെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് വിവരം.
ഈ തുറന്ന മരുന്ന് വിപണി വലിയൊരു ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കൗൺസിൽ വുമൺ ജോവാൻ അരിയോള ഉൾപ്പെടെയുള്ള അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇവിടെ വിൽക്കുന്ന മരുന്നുകളിൽ യഥാർത്ഥത്തിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് ആർക്കും ഉറപ്പില്ലെന്നും, മംദാനി ഭരണകൂടത്തിന്റെ പരാജയമാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി. ന്യൂയോർക്ക് പോലീസ് (NYPD) ഉദ്യോഗസ്ഥർ ഈ നിയമവിരുദ്ധ കച്ചവടക്കാർക്ക് മുന്നിലൂടെ യാതൊരു നടപടിയും എടുക്കാതെ നടന്നുപോകുന്നതായി ‘ദി പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. കച്ചവടക്കാരെ ഒഴിപ്പിക്കാൻ ഇടയ്ക്ക് ശ്രമങ്ങളുണ്ടാകാറുണ്ടെങ്കിലും, സാധനങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുന്ന വ്യാപാരികൾ പിന്നീട് വീണ്ടുമെത്തി കച്ചവടം തുടരുകയാണ് പതിവ്.
തെരുവിൽ വിൽക്കുന്ന ഇത്തരം മരുന്നുകൾ കഴിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് പ്രദേശത്തെ ലൈൻസ് ലഭിച്ച ഫാർമസി മാനേജർമാർ സാക്ഷ്യപ്പെടുത്തുന്നു. ജാർഡിയൻസ് പോലുള്ള ശക്തമായ പ്രമേഹ മരുന്നുകൾ പോലും തെരുവിൽ വിൽക്കപ്പെടുന്നുണ്ട്. കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്ത ഇത്തരം മരുന്നുകൾ വിതരണം ചെയ്യുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഫാർമസികൾക്ക് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്ന റഗുലേറ്റർമാർ, തെരുവിൽ നടക്കുന്ന ഈ അനധികൃത കച്ചവടത്തിന് നേരെ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ പ്രദേശത്തെ ഇടത് കൗൺസിൽ വുമൺ കാർമൻ ഡി ലാ റോസ നടപ്പാതകളിൽ കച്ചവടക്കാർക്ക് കൂടുതൽ സ്ഥലം അനുവദിക്കുന്നതിനായി 2024-ൽ ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അതേസമയം, ഈ മരുന്ന് വിപണിയെ കടുത്ത ആരോഗ്യ ദുരന്തം എന്നാണ് കൗൺസിൽമാൻ ഫ്രാങ്ക് മൊറാനോ വിശേഷിപ്പിച്ചത്. ലൈസൻസുള്ള ഫാർമസികൾക്ക് പകരം നടപ്പാതയിലെ മടക്കുമേശകളിൽ നിന്ന് പ്രിസ്‌ക്രിപ്ഷൻ മരുന്നുകൾ വാങ്ങുന്നത് പൊതുജനാരോഗ്യത്തിന്റെയും സുരക്ഷയുടെയും വലിയ പരാജയമാണെന്നും, ഉപഭോക്താക്കൾ വാങ്ങുന്ന മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇവിടെ യാതൊരു സംവിധാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







