ഭക്ഷണവിതരണ കേന്ദ്രത്തില്‍ അടക്കം ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നതിനിടെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന് ഗാസയില്‍ എത്തും. ഇസ്രയേലും അമേരിക്കയും രൂപപ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ് സ്റ്റിവ് വിറ്റ്‌കോഫിന്റെ സന്ദര്‍ശനം.
ഗാസയില്‍ വിപുലമായ ഭക്ഷ്യവിതരണ പദ്ധതിക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് സ്റ്റിവ് വിറ്റ് കോഫിന്റെ ഗാസ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സ്റ്റീവ് വിറ്റ്‌കോഫ് ഇന്നലെ ചര്‍ച്ച നടത്തി. ഗാസയിലെ വെടിനിര്‍ത്തല്‍, ഭക്ഷ്യവിതരണം, യുദ്ധാനന്തര ഗാസയുടെ ഭാവി എന്നിവ ചര്‍ച്ചയായി. ആക്രമണം തുടരാനും സഹായ വിതരണം മെച്ചപ്പെടുത്താനുമാണ് താല്‍ക്കാലിക ധാരണയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.