തീരുവകൾക്കുള്ള താല്ക്കാലിക അവധി, ജൂലൈ ഒൻപതിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് . തീരുവകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള കാലയളവ് ജൂലൈ ഒൻപതിന് അവസാനിക്കാനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ജൂലൈ ഒൻപതിനകം അമേരിക്കയുമായി വ്യാപാര കരാറുകളിൽ എത്താൻ കഴിയാത്ത രാജ്യങ്ങൾക്ക് വ്യാപാര പിഴകൾ പ്രാബല്യത്തിൽ വരും. ഇക്കാര്യം അമേരിക്കൻ ഭരണകൂടം അതത് രാജ്യങ്ങളെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട കത്തുകൾ ഉടൻ അയച്ചു തുടങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
ഒരു രാജ്യം നമ്മളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ് തീരുമാനങ്ങളെടുക്കുകയെന്ന് ട്രംപ് ഫോക്സ് ന്യൂസ് ചാനലിൻ്റെ “സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സ്” എന്ന പരിപാടിയിലെ അഭിമുഖത്തിൽ പറയുന്നു. നിങ്ങൾ അമേരിക്കയിൽ സാധനങ്ങൾ വില്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിനെത്ര മാത്രം നികുതി നല്കേണ്ടി വരുമെന്ന് അതത് രാജ്യങ്ങൾക്ക് അയക്കുന്ന കത്തുകളിൽ വ്യക്തമാക്കുമെന്നും ട്രംപ് പറഞ്ഞു. ഓരോ രാഷ്ട്രവുമായും വെവ്വേറെ കരാറുകൾ ഉണ്ടാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. 90 ദിവസത്തിനുള്ളിൽ 90 വ്യാപാര കരാറുകളിൽ എത്തിച്ചേരുക എന്ന ലക്ഷ്യമാണ് ഭരണകൂടം നിശ്ചയിച്ചിരുന്നത്. ചർച്ചകൾ തുടരുകയാണ്. പക്ഷേ 200 രാജ്യങ്ങളുണ്ടന്നും എല്ലാവരുമായും സംസാരിക്കാൻ കഴിയില്ലന്നും ട്രംപ് ചൂണ്ടിക്കാട്ടി. ടിക് ടോക്കുമായുള്ള കരാർ, ചൈനയുമായുള്ള ബന്ധം, ഇറാനെതിരായ ആക്രമണങ്ങൾ, കുടിയേറ്റ നിയന്ത്രണ നടപടികൾ എന്നിവയെക്കുറിച്ചും ട്രംപ് അഭിമുഖത്തിനിടെ പ്രതിപാദിച്ചു.







