ന്യൂഡൽഹി : യുഎസിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക സി -17 ട്രാൻസ്പോർട്ട് വിമാനം അമൃത്സറിൽ എത്തി. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണ ഭരണത്തിലെത്തിയ ശേഷം ഇന്ത്യക്കാരുടെ ആദ്യ നാടുകടത്തലാണിത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ട്രംപ് ഭരണകൂടം ഇതുവരെ സൈനിക വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് പറന്നുയർന്ന യുഎസ് വ്യോമസേനാ വിമാനം പഞ്ചാബിലെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണ്. യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുന്നതിന് മുമ്പ് നാടുകടത്തപ്പെടുന്നവരുടെ രേഖകൾ പരിശോധിക്കും.