റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെയാണ് നടപടി. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങളെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നല്‍കുന്നത് ഈ എണ്ണ കമ്പനികളാണെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.
അതേസമയം, റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ഈ വര്‍ഷം അവസാനത്തോടെ കുത്തനെ കുറയ്ക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കിയെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നത് ക്രമേണയാണെങ്കിലും നിലവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നാണെന്നും ട്രംപ് പറഞ്ഞു.







