newsroom@amcainnews.com

യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

വാഷിങ്ടൺ: യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. നാലുവർഷമായി തുടരുന്ന യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ തീരുമാനമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ചർച്ചകൾ ഒരു സ്ഥിരം ഉടമ്പടിയിലേക്ക് നയിക്കുമോ എന്ന് ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും തർക്കവിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ ഇരുവപക്ഷവും പരമാവധി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെലൻസ്‌കി വ്യക്തമാക്കി.

ഡിസംബർ 28, ഞായറാഴ്ച ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച നടക്കുക. സമാധാന ചർച്ചകൾ ഊർജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ‘ഞങ്ങൾ ഒരു ദിവസം പോലും പാഴാക്കുന്നില്ല. ഉന്നതതല കൂടിക്കാഴ്ചകൾക്കായി ഞങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. അതിൽ പ്രധാനമാണ് പ്രസിഡന്റ് ട്രംപുമായി നടക്കാനിരിക്കുന്നത്. പുതുവത്സരത്തിന് മുമ്പ് പലതും തീരുമാനിക്കാനാകും എന്നാണ് പ്രതീക്ഷ’, യുക്രൈൻ പ്രസിഡൻറ് വെള്ളിയാഴ്ച പങ്കുവെച്ച എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.

ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള 20 പോയിന്റ് സമാധാന കരാർ 90 ശതമാനത്തോളം തയ്യാറാണെന്നും കാര്യങ്ങളെല്ലാം 100 ശതമാനവും നന്നായി നടക്കുന്നു എന്നത് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സെലൻസ്‌കി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ‘നിലവിലെ സാഹചര്യത്തിൽ, ഞങ്ങളുടെ സംഘങ്ങൾ- സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന യുക്രൈനിന്റെയും അമേരിക്കയുടെയും സംഘങ്ങൾ- വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

അതേസമയം, താൻ അംഗീകരിക്കുന്നതുവരെ യുക്രൈന് എല്ലാം ശരിയായി എന്ന് പറയാനാവില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പൊളിറ്റികോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞായറാഴ്ച നടത്താനിരിക്കുന്ന ചർച്ച ഫലവത്താകും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ‘സെലൻസ്‌കിയുമായുള്ള ചർച്ച നല്ല രീതിയിൽ നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അത് പുതിനുമായും യോജിച്ചുപോകുന്നതാകും എന്നും ഞാൻ വിശ്വസിക്കുന്നു’, ട്രംപ് വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്റുമായി എത്രയുംവേഗം സംസാരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ട്രംപിനുവേണ്ടി ചർച്ച നടത്തുന്ന ടീമിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി ക്രിസ്മസ് ദിനത്തിൽ നടത്തിയ ഒരുമണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിനൊടുവിലാണ് സെലൻസ്‌കി ട്രംപിനെ നേരിൽ കാണാനുള്ള തീരുമാനമെടുത്തത്. പുതിയ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിന് ആവശ്യമായ ‘പുതിയ ആശയങ്ങൾ’ നൽകിയതായും സ്റ്റീവ് പറഞ്ഞു.

ട്രംപുമായിട്ടുള്ള ചർച്ചയ്ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് രൂപപ്പെടുത്താൻ ലക്ഷ്യമിടുന്നതായി സെലൻസ്‌കി പറഞ്ഞു. യുക്രൈൻ-യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് നിലവിലെ ഇരുപതിന സമാധാന പദ്ധതി രൂപംകൊണ്ടത്. അമേരിക്കയുമായി റഷ്യ നടത്തുന്ന ചർച്ചയുടെ ഭാഗമായ സമാധന പദ്ധതിയിൽനിന്ന് ഇത് ‘അടിസ്ഥാനപരമായി വ്യത്യസ്തമാണ്’ എന്നും ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

യുഎസ് ഇടനിലക്കാരായി നിന്ന് തയ്യാറാക്കിയ സമാധാന പദ്ധതിയിലും യുഎസ് സുരക്ഷാ ഗ്യാരന്റികൾക്കായുള്ള പ്രത്യേക നിർദ്ദേശങ്ങളിലുമായിരിക്കും താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സെലെൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഡൊൺബാസ് മേഖലയുടെ പുനർനിർമാണവും പ്രാദേശിക നിയന്ത്രണവും സംബന്ധിച്ചും സപ്പോരിസ്യ ആണവോർജ്ജ പ്ലാന്റ് സംബന്ധിച്ചും ഇരുപക്ഷവും ചർച്ചചെയ്യുമെന്നാണ് വിവരം.

യുഎസ് 15 വർഷത്തെ സുരക്ഷ ഉറപ്പുവരുത്തുന്ന കരാർ വാഗ്ദാനം ചെയ്തതായി സെലൻസ്‌കി വ്യക്തമാക്കി. എന്നാൽ, ഭാവിയിലും റഷ്യൻ ആക്രമണം ഒഴിവാക്കുന്നതിന് നിയമപരമായ വ്യവസ്ഥകളുള്ള ഒരു ദീർഘകാല ഉടമ്പടിയാണ് യുക്രൈൻ ലക്ഷ്യമിടുന്നതെന്നാണ് വിവരം. സമാധാന ചർച്ചകൾ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും, റഷ്യയ്ക്കും യുക്രൈനും ഇടയിൽ ഇപ്പോഴും യുദ്ധം തുടരുകയാണ്. ഡിസംബർ 27-ന് പുലർച്ചെയും യുക്രൈനിൽ റഷ്യയുടെ ആക്രമണമുണ്ടായിരുന്നു.

You might also like

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

Top Picks for You
Top Picks for You