പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം (യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായി തീരുമാനം പ്രഖ്യാപിച്ചു. ‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, യുണൈറ്റഡ് കിംങ്ഡം പലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.’ – യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അറിയിച്ചിരുന്നു.







