ന്യൂഡൽഹി : ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും (യുഎഇ) തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഡൽഹിയിലെത്തും. ഏകദിന സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾക്കൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ചർച്ചയിൽ പ്രധാന വിഷയമാകും.
പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിലേക്ക് നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. പശ്ചിമേഷ്യയിൽ യുഎഇയും സൗദി അറേബ്യയും തമ്മിൽ യെമൻ വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ഗൾഫ് മേഖലയിലെ നിർണ്ണായക ശക്തികളായ സൗദിയുമായും യുഎഇയുമായും അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സന്ദർശനം നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ളതാണ്.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2024-25 സാമ്പത്തിക വർഷത്തിൽ 100 ബില്യൺ ഡോളർ കവിഞ്ഞിരുന്നു. ഊർജ്ജ സുരക്ഷ, ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടികൾ എന്നിവയിലൂടെ സാമ്പത്തിക സഹകരണം പുത്തൻ ഉയരങ്ങളിലെത്തിക്കാൻ ഇരുനേതാക്കളും ചർച്ച നടത്തും. ഗാസയിലെ സമാധാന പദ്ധതികളെക്കുറിച്ചും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ആശയവിനിമയം നടക്കും.
കഴിഞ്ഞ വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഉന്നതതല സന്ദർശനങ്ങൾ ബന്ധത്തിന്റെ ആഴം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ ഇന്നത്തെ ചർച്ചകൾ വഴിതുറക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.







