ബ്രിട്ടീഷ് കൊളംബിയ: ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റായ ആരോപണങ്ങളും തടയാൻ പ്രതിയുടെ ചിത്രം പുറത്തുവിട്ട് കാനഡ പോലീസ് (RCMP). 18 വയസ്സുകാരിയായ ജെസ്സി വാൻ റൂട്ട്‌സെലാറുടെ ചിത്രമാണ് ആർസിഎംപി വെള്ളിയാഴ്ച പരസ്യപ്പെടുത്തിയത്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
പ്രതിയുമായി സമാനമായ പേരുള്ള ഒന്റാറിയോ സ്വദേശിയായ ഒരാൾക്കെതിരെയും മറ്റു ചിലർക്കെതിരെയും സോഷ്യൽ മീഡിയയിൽ തെറ്റായ ആരോപണങ്ങൾ പ്രചരിച്ചിരുന്നു. ഇത് അവരുടെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തിലാണ് യഥാർത്ഥ പ്രതിയുടെ ചിത്രം പുറത്തുവിടാൻ പോലീസ് തീരുമാനിച്ചത്. “വ്യാജമായ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് നിരപരാധികളെ അപകടത്തിലാക്കും. ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം വിശ്വസിക്കുക,” ബിസി മൗണ്ടീസ് കമാൻഡിംഗ് ഓഫീസർ ഡ്വെയ്ൻ മക്ഡൊണാൾഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രതിയുടെ ഡിജിറ്റൽ രേഖകളും മുൻകാല പോലീസ് റെക്കോർഡുകളും നിലവിൽ പരിശോധിച്ചുവരികയാണ്. എട്ട് പേരുടെ മരണത്തിനിടയാക്കിയ ഈ ക്രൂരകൃത്യത്തിലേക്ക് ജെസ്സിയെ നയിച്ച സാഹചര്യം കണ്ടെത്താനാണ് ശ്രമം. പ്രതി ഉപയോഗിച്ച പ്രധാന തോക്കിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. സ്കൂളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ച് വിദ്യാർത്ഥികളുടെയും ഒരു അധ്യാപികയുടെയും പേരുകൾ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.







