ടംബ്ലർ റിഡ്ജിലെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ദുരന്തബാധിതരായ കുടുംബങ്ങളെ വേട്ടയാടി അജ്ഞാതരുടെ ഭീഷണി സന്ദേശങ്ങൾ. ഫെബ്രുവരി 10-ന് നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട 12 വയസ്സുകാരി കൈലി സ്മിത്തിന്റെ കുടുംബത്തിന് നേരെ വധഭീഷണി ഉയർന്നതിനെത്തുടർന്ന് ശനിയാഴ്ച നടത്താനിരുന്ന സംസ്കാര ചടങ്ങുകൾ അവസാന നിമിഷം റദ്ദാക്കി. സംഭവത്തിൽ ബി.സി. ആർ.സി.എം.പി (RCMP) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീഷണി നേരിടുന്നത് തങ്ങൾ മാത്രമല്ലെന്നും കൊല്ലപ്പെട്ട മറ്റ് രണ്ട് കുടുംബങ്ങൾ കൂടി സമാനമായ രീതിയിൽ ഭീഷണി നേരിടുന്നതായി അറിയാൻ കഴിഞ്ഞെന്നും കൈലിയുടെ മാതാപിതാക്കളായ ലാൻസ് യംഗും ജെനി ഗിയറിയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ ചടങ്ങുകൾ മാറ്റിവെക്കേണ്ടി വന്നതിൽ അവർ അതീവ ദുഃഖം രേഖപ്പെടുത്തി. കുട്ടികളടക്കം എട്ടുപേരുടെ ജീവൻ കവർന്ന കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇരകളുടെ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം കമ്മ്യൂണിറ്റിയെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.







