കനേഡിയൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് എക്സ്പോർട്ട് ഡെവലപ്മെന്റ് കാനഡ (EDC). യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ കനത്ത താരിഫുകളും ആഗോള വ്യാപാരത്തിലെ മാന്ദ്യവുമാണ് ഇതിന് കാരണമെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാട്ടുന്നു. ഇ.ഡി.സി.യുടെ പ്രവചനം അനുസരിച്ച്, 2025-ൽ കാനഡയുടെ സമ്പദ്വ്യവസ്ഥ 0.9 ശതമാനം മാത്രമാണ് വളരുക, അടുത്ത വർഷം ഇത് നേരിയ വർദ്ധനവോടെ ഒരു ശതമാനത്തിലെത്തും. ഇത് യു.എസിനേക്കാളും മറ്റ് വികസിത രാജ്യങ്ങളേക്കാളും ദുർബലമാണെങ്കിലും ജർമ്മനിയെയും ഫ്രാൻസിനെയും അപേക്ഷിച്ച് ശക്തമാണ്.
വ്യാപാരത്തിലെ പിരിമുറുക്കങ്ങൾ ലോക സമ്പദ്വ്യവസ്ഥയെ ഉലച്ചതായി ഇ.ഡി.സി. ചീഫ് ഇക്കണോമിസ്റ്റ് സ്റ്റുവർട്ട് ബെർഗ്മാൻ പറയുന്നു. സ്റ്റീൽ, അലുമിനിയം, മരം, വാഹനങ്ങൾ, ചെമ്പ് എന്നിവയുടെ കയറ്റുമതിക്ക് യു.എസ്. കനത്ത താരിഫുകൾ ചുമത്തിയിട്ടുണ്ട്. കൂടാതെ കനോല, പന്നിയിറച്ചി, സമുദ്രോത്പന്നങ്ങൾ എന്നിവയ്ക്ക് ചൈന ഡ്യൂട്ടികൾ വർദ്ധിപ്പിച്ചു. ഇതിൻ്റെയെല്ലാം ഫലമായി തൊഴിലില്ലായ്മ വർദ്ധിക്കുകയും യന്ത്രങ്ങളിലും ഉപകരണങ്ങളിലുമുള്ള ബിസിനസ്സ് നിക്ഷേപം കുറയുകയും ചെയ്തു. എണ്ണവിലയിൽ 15 ശതമാനം ഇടിവുണ്ടായത് ആൽബർട്ടയെയും മറ്റ് ഊർജ്ജ മേഖലകളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി ഉയർന്നു, ഇത് കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയാണ്.







