ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ചുമത്തുന്ന ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഓഗസ്റ്റ് 1 മുതല്‍ സെമി-ഫിനിഷ്ഡ് ചെമ്പ് ഉല്‍പ്പന്നങ്ങള്‍ക്കും ചെമ്പ്-ഇന്റന്‍സീവ് ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ക്കും 50% തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. എന്നാല്‍, ചെമ്പ് അയിരുകള്‍, കോണ്‍സെന്‍ട്രേറ്റുകള്‍, മാറ്റുകള്‍, കാഥോഡുകള്‍, ആനോഡുകള്‍ തുടങ്ങിയ ചെമ്പ് സ്‌ക്രാപ്പും ചെമ്പ് ഇന്‍പുട്ട് വസ്തുക്കളും താരിഫുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ആഗോള ചെമ്പ് ശുദ്ധീകരണത്തില്‍ ചൈനയുടെ ആധിപത്യം കാരണം ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ട്രംപ് ഉത്തരവിട്ട സെക്ഷന്‍ 323 പ്രകാരമുള്ള യുഎസ് അന്വേഷണത്തിന് ശേഷമാണ് ഈ നടപടി. താരിഫുകള്‍ക്കൊപ്പം, യുഎസില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള സ്‌ക്രാപ്പ് 25% രാജ്യത്തിനുള്ളില്‍ വില്‍ക്കണമെന്ന് ആവശ്യപ്പെടുന്നതുള്‍പ്പെടെ ആഭ്യന്തര ചെമ്പ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു.