മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കന്‍ തക്കാളി കര്‍ഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെയാണ് ഈ തീരുവ ചുമത്തല്‍. എന്നാല്‍ മെക്‌സിക്കോയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തക്കാളിക്ക് തീരുവ ഏര്‍പ്പെടുത്തിയത് എന്നും സൂചനയുണ്ട്. അമേരിക്കന്‍ വിപണിയിലെത്തുന്ന തക്കാളിയുടെ ഏകദേശം 70 ശതമാനവും മെക്‌സിക്കോയില്‍ നിന്നാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു.
തീരുവ വന്നതോടെ ചില്ലറ വില്‍പ്പനയ്‌ക്കെത്തുന്ന തക്കാളിയുടെ വിലയില്‍ 8.5 ശതമാനം വിലക്കയറ്റമുണ്ടായേക്കുമെന്ന് അമേരിക്കയിലെ ഫ്രഷ് പ്രൊഡ്യൂസ് അസോസിയേഷന്‍ പ്രസിഡന്റ് ലാന്‍സ് ജംഗ്മെയര്‍ പറഞ്ഞു. മെക്‌സിക്കന്‍ തക്കാളിയെ കൂടുതല്‍ ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ 10 ശതമാനം വരെ വില ഉയരുമെന്നും മറ്റുള്ള ഇടങ്ങളില്‍ 6 ശതമാനം വര്‍ധനവ് അനുഭവപ്പെടാമെന്നും വ്യാപാര ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.