ഓട്ടവ: യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഡിജിറ്റൽ സേവന നികുതി നീക്കം ചെയ്യൽ ഉൾപ്പെടെ ചർച്ചയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറിൽ എത്താൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ജി 7 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ സമ്മതിച്ചിരുന്നു.
വൻകിട സാങ്കേതിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നികുതി, ഫെഡറൽ ഗവൺമെൻ്റ് റദ്ദാക്കിയതിനെത്തുടർന്നാണ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അമേരിക്ക പുനരാരംഭിച്ചത്. ഞായറാഴ്ച വൈകുന്നേരം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ജൂലൈ 21 എന്ന സമയപരിധി ഇപ്പോഴും മനസ്സിൽ വെച്ചുകൊണ്ട് ചർച്ചകൾ തുടരാൻ ഇരുവരും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
യുഎസുമായി വിശാലമായൊരു കരാറിനായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഡിജിറ്റൽ സേവന നികുതി വേണ്ടെന്ന് വച്ചതെന്നും കാർണി വ്യക്തമാക്കി. അതേ സമയം പ്രധാനമന്ത്രി കാർണി ട്രംപിന് വഴങ്ങിയെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസിഡൻ്റ് ട്രംപിന് എങ്ങനെ ചർച്ച നടത്തണമെന്ന് അറിയാമെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. അമേരിക്കയിലെ ടെക് കമ്പനികളെ ദോഷകരമായി ബാധിക്കുന്ന നികുതിയുമായി കനേഡിയൻ സർക്കാർ മുന്നോട്ട് പോയത് തെറ്റായിരുന്നു എന്നും ലീവിറ്റ് പറഞ്ഞു.