കാനഡ-യുഎസ് വ്യാപാര സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാജ്യതലസ്ഥാനത്ത് എത്തുന്ന യുഎസ് സെനറ്റർമാരുടെ സംഘവുമായി ഇന്ന് രാവിലെ പ്രധാനമന്ത്രി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തും. ഡെമോക്രാറ്റിക് സെനറ്റർമാരായ ഓറിഗനിലെ റോൺ വൈഡൻ, ന്യൂ ഹാംഷെയറിലെ മാഗി ഹസ്സൻ, നെവാഡയിലെ കാതറിൻ കോർട്ടെസ് മാസ്റ്റോ, അലാസ്കയിലെ റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർക്കോവ്സ്കി എന്നിവരാണ് യുഎസ് സെനറ്റർ പ്രതിനിധി സംഘത്തിൽ ഉള്ളത്.
ജൂലൈ 10-ന് കാർണിക്ക് അയച്ച കത്തിൽ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 1 നകം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുഎസുമായുള്ള വ്യാപാര കരാറിൽ ചില താരിഫുകൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ഓഗസ്റ്റ് 1 ലെ അവസാന തീയതിക്ക് മുമ്പ് യുഎസുമായുള്ള ചർച്ച വിജയത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി മാർക്ക് കാർണി പറയുന്നു. അതേസമയം കാനഡ തങ്ങളുടെ വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുത്തില്ലെങ്കിൽ കനത്ത തീരുവ ഈടാക്കുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വ്യക്തമാക്കിയിട്ടുണ്ട്.