ഗാസയില്‍ ആയിരക്കണക്കിന് നവജാതശിശുക്കളും കുഞ്ഞുങ്ങളും പാല് ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ നിശബ്ദ കൂട്ടക്കൊലയാണ് നടക്കുന്നതെന്ന് ഗാസയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇസ്രയേലിന്റെ ഉപരോധം മൂലമുണ്ടായ ബേബി ഫോര്‍മുലയുടെ കടുത്ത ക്ഷാമം കാരണം ഗാസയില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു. അമ്മമാരും പട്ടിണിയിലായതിനാല്‍ കുഞ്ഞുങ്ങളെ മുലയൂട്ടാനും സാധിക്കാത്ത സാഹചര്യമാണ് ഗാസയിലുള്ളത്.
ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ചത് മുതല്‍ കുറഞ്ഞത് 66 കുഞ്ഞുങ്ങളെങ്കിലും പട്ടിണി മൂലം മാത്രം മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോഷാകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ കണക്ക് ഗാസയില്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധിക്കുകയാണെന്ന് യൂണിസെഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.







