newsroom@amcainnews.com

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിൽ നിന്നും കണ്ടെത്തി

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിൽ നിന്നും കണ്ടെത്തി. വീടിന് സമീപത്ത് തന്നെയുള്ള തോട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്ന് പ്രതി അമിത് മൊഴി നൽകിയിരുന്നു. അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിജയകുമാറിന്റെ വീടിന് പിൻവശത്ത് 200 മീറ്റർ ദൂരെ മാറിയാണ് തോടുള്ളത്. പൊലീസിന്‍റെ നിര്‍ദേശ പ്രകാരം സമീപവാസികളായ രണ്ട് പേരാണ് തോട്ടിലിറങ്ങി തെരച്ചില്‍ നടത്തിയത്. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഹാര്‍ഡ് ഡിസ്ക്. ഇന്ന് തന്നെ വീട്ടിലും പ്രതിയുമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത.

തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിത് ഇന്ന് രാവിലെ പിടിയിലാകുന്നത്. ഒളിവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോൺ ഓൺ ചെയ്തതാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അതിക്രൂരമാണ് രീതിയിലായിരുന്നു കൊലപാതകം.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

Top Picks for You
Top Picks for You