എഡ്മൻ്റൺ: എഡ്മൻ്റണിലെ സെൻട്രൽ മേഖലയിൽ അടുത്തിടെയുണ്ടായ നിരവധി മോഷണങ്ങളിൽ അപ്പാർട്ട്മെൻ്റുകളിൽ താമസക്കാർ ഉണ്ടോ എന്നറിയാൻ മോഷ്ടാക്കർ ഉപയോഗിച്ചത് പശ ആണെന്ന് പൊലീസ്. ഏതൊക്കെ അപ്പാർട്ട്മെൻ്റുകളാണ് ദീർഘകാലമായി ആളില്ലാതെ കിടന്നിരുന്നതെന്നാണ് മോഷ്ടാക്കൾ പശ ഉപയോഗിച്ച് കണ്ടെത്തിയത്.
നിയമസഭയ്ക്ക് സമീപമുള്ള 106 സ്ട്രീറ്റിലെ അപ്പാർട്ട്മെൻ്റ് ടവറിൽ മോഷ്ടാക്കൾ എത്ര യൂണിറ്റുകളാണ് ലക്ഷ്യമിട്ടതെന്ന് എഡ്മണ്ടൻ പോലീസ് കൃത്യമായി പറഞ്ഞിട്ടില്ല. മോഷണങ്ങൾ എപ്പോൾ നടന്നുവെന്നും കൃത്യമായി വ്യക്തമല്ല. എന്നാൽ ജൂൺ 29നും ജൂലൈ ഒന്നിനും യൂണിറ്റുകളുടെ വാതിൽ ഫ്രെയിമുകൾ പശ ഉപയോഗിച്ച് അടയാളപ്പെടുത്തിയ ശേഷം പിന്നീട് തിരിച്ചെത്തി മോഷണം നടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ജൂലൈ ഏഴിനാണ് മോഷണം റിപ്പോർട്ട് ചെയ്തത്.
അപ്പാർട്ട്മെന്റ് സുരക്ഷാ ജീവനക്കാരും നിരവധി യൂണിറ്റുകളിലെ വാടകക്കാരും അവരുടെ വീടുകൾ തകർത്തതായും വിവിധ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായും പറഞ്ഞു. പ്രതികളെ തിരിച്ചറിയുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നുണ്ട്. നീല ജീൻസും നീല ജാക്കറ്റും നേവി ബ്ലൂ ബേസ്ബോൾ തൊപ്പിയും ധരിച്ച ഒരാളെയും കറുത്ത പാൻ്റ്സും നീല ഷർട്ടും ഇരുണ്ട ബേസ്ബോൾ തൊപ്പിയും ധരിച്ച മറ്റൊരാളെയുമാണ് പൊലീസ് അന്വേഷിക്കുന്നത്.