ലോകത്തെ ആദ്യത്തെ എഐ നഗരം നിർമിക്കാനൊരുങ്ങി അബുദാബി. അതിനൂതന സാങ്കേതിക സൗകര്യങ്ങളോടെ 2027ൽ നഗരം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിര്മിതബുദ്ധിയിലൂടെയും കോഗ്നിനിറ്റിവ് സാങ്കേതിക വിദ്യയിലൂടെയും നഗരജീവിതത്തെ പുനര്നിര്വചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരം രൂപപ്പെടുത്തുന്നത്. ഡ്രൈവറില്ലാ യാത്രാ സംവിധാനങ്ങൾ, സ്മാർട് വീടുകൾ, ചികിത്സ, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ എല്ലാ സേവനങ്ങൾക്കും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളാണ് നഗരത്തിലുണ്ടാവുക.
നിർമിത ബുദ്ധിയുടെ ഭാവി സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തുന്ന നഗരമാണ് അബുദാബിയിൽ ആസൂത്രണം ചെയ്യുന്നത്. ‘അയോൺ സെൻഷ്യ’ എന്നാണ് എഐ സ്മാർട് സിറ്റിയുടെ പേര്. അബുദാബി ആസ്ഥാനമായ ബോൾഡ് ടെക്നോളജീസും ഇറ്റാലിയൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ മൈ അയോണുമാണ് നഗരം നിർമിക്കുക. അയോൺ സെൻഷ്യ സ്മാർട് മാത്രമല്ല, വൈജ്ഞാനിക നഗരം കൂടിയായിരിക്കുമെന്ന് കമ്പനി സിഇഒ ഡാനി യേൽ മാരിനെല്ലി പറഞ്ഞു.250 കോടി ഡോളറാണ് ബിൽഡ്, ഓപറേറ്റ്, ട്രാൻസ്ഫർ മാതൃകയിൽ നിർമിക്കുന്ന നഗരപദ്ധതിയുടെ ചെലവ്.