അനധികൃത കുടിയേറ്റക്കാരോട് ആറ് മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുന്ന പുതിയ നയം നടപ്പാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ആണ് ഈ നീക്കം നടത്തുന്നത്. മതിയായ മുന്നറിയിപ്പ് നല്‍കാതെയും സ്വന്തം രാജ്യത്തേക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലുള്ളവരെ നാടുകടത്തുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം അനധികൃത കുടിയേറ്റക്കാരെ എത്രയും പെട്ടെന്ന് നാടുകടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതാണ് പുതിയ നീക്കത്തിന് കാരണമെന്ന് ഐസിഇ ആക്ടിങ് ഡയറക്ടര്‍ ടോഡ് ലിയോണ്‍സ് ന്യായീകരിക്കുന്നു. എന്നാല്‍, നയതന്ത്ര സുരക്ഷയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണ നിലയില്‍ 24 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിപ്പ് നല്‍കണമെന്നാണ് നിയമം.
എന്നാല്‍, അടിയന്തര സാഹചര്യങ്ങളില്‍ ഇത് ആറ് മണിക്കൂറായി ചുരുക്കും. നയതന്ത്ര ഉറപ്പുള്ള രാജ്യങ്ങളിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ നാടുകടത്തല്‍ നടത്തും. ഇത് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയാണ്. സ്വന്തം രാജ്യത്ത് അപകടം നേരിടുന്നവരും ചൈന, ക്യൂബ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ് ഇതില്‍ കൂടുതല്‍ ദുരിതത്തിലാകുക. വര്‍ക്ക് പെര്‍മിറ്റും കുടുംബവുമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കി.