ഓട്ടവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മഞ്ഞുരുകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. കേസിൽ ഇന്ത്യൻ നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ കാനഡയുമായി സജീവമായി സഹകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനിത ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും നടപടികൾ വേഗത്തിലാക്കാനും കനേഡിയൻ സർക്കാർ പ്രതിനിധികൾ ഈ ആഴ്ച ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കാനഡയുടെ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൗയിൻ ഈയാഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ നടപടികളെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് അനിത ആനന്ദ് അറിയിച്ചു.







