ദാവോസ്: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സമിതിയിൽ (ബോർഡ് ഓഫ് പീസ്) ചേരാനുള്ള തീരുമാനത്തിൽ പാക്കിസ്ഥാൻ സർക്കരിന് പ്രതിപക്ഷത്തിന്റെ വിമർശനം. സമാധാന സമിതിയിൽ ചേർന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പറഞ്ഞു. രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പൂർണ സുതാര്യതയും എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളെയും ഉൾക്കൊള്ളിച്ചുള്ള കൂടിയാലോചനയും ആവശ്യമാണെന്ന് പിടിഐ നേതാക്കൾ പറഞ്ഞു.
സമാധാന സമിതിയിൽ ചേരുന്നവർ ‘എൻട്രി ഫീസ്’ ആയി 100 കോടി ഡോളർ (ഏകദേശം 9,000 കോടി ഇന്ത്യൻ രൂപ) അടയ്ക്കണം. നിത്യച്ചെലവിന് കടംവാങ്ങി മുന്നോട്ടുപോകുന്ന പാക്കിസ്ഥാൻ എവിടെനിന്ന് ഈ പണം അടയ്ക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വിഷയത്തിൽ ജനങ്ങളുടെ തീരുമാനം അറിയാൻ ഹിതപരിശോധന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യാന്തര സമാധാന സമിതിയിൽ ഇന്ത്യ, ചൈന തുടങ്ങിയ വൻശക്തികൾ ഉൾപ്പെടെ അറുപതോളം രാജ്യങ്ങളെ ട്രംപ് ഭരണകൂടം ക്ഷണിച്ചപ്പോൾ 20 ൽ താഴെ രാജ്യങ്ങൾ മാത്രമാണ് ദാവോസിൽ നടന്ന ഉദ്ഘാടനത്തിൽ പങ്കെടുത്തത്. സമാധാന സമിതിയിൽ പങ്കാളിയാവില്ലെന്ന് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ നിലപാടെടുത്തു. ഇന്ത്യ, കാനഡ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. സൗദി അറേബ്യ അടക്കം ഡസനിലേറെ പശ്ചിമേഷ്യൻ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ ട്രംപിന്റെ സമാധാന സമിതിയിൽ ഒപ്പുവച്ചു.







