newsroom@amcainnews.com

റോബർട് കെന്നഡി ജൂനിയറിന്റെ ലഹരി ഉപയോഗം സംബന്ധിച്ച ചർച്ചകൾ മാസങ്ങളായി യുഎസിൽ തകൃതി; ഭാവി ആരോഗ്യ സെക്രട്ടറിയുടെ ഇരുണ്ട ഭൂതകാലം

കെന്നഡി എന്ന പേരിന് അന്നുമിന്നും ഒരുപാട് വിശദീകരണങ്ങളൊന്നും വേണ്ട. കെന്നഡി അമേരിക്കൻ രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു. യുഎസിന്റെ രാഷ്ട്രീയ ചരിത്രത്തി‍ൽ വ്യക്തമായ സ്ഥാനമുള്ള രാഷ്ട്രീയ കുടുംബമാണ് കെന്നഡി കുടുംബം. ജോൺ എഫ്. കെന്നഡി യുഎസിന്റെ പ്രശസ്തനായ പ്രസിഡന്റായിരുന്നു. ചുറുചുറുക്കും പാടവവുമൊക്കെയുള്ള പ്രസിഡന്റ്. എന്നാൽ അദ്ദേഹം വധിക്കപ്പെട്ടു. ജോണിന്റെ സഹോദരനായ റോബർട് കെന്നഡിയും പ്രശസ്തനായിരുന്നു. സെനറ്ററായും, അറ്റോണി ജനറലായുമൊക്കെ പ്രവർത്തിച്ചിട്ടുള്ള റോബർട് കെന്നഡിയും ജോണിനെപ്പോലെ വധിക്കപ്പെടുകയായിരുന്നു.

റോബർട്ടിന്റെ അതേ പേരുള്ള മകൻ, റോബർട് കെന്നഡി ജൂനിയർ ഇന്ന് യുഎസ് രാഷ്ട്രീയത്തിലെ ഒരു ശക്തനായ വ്യക്തിത്വമാണ്. കോവിഡ് കാലത്ത് വാക്സീനെതിരെ അപവാദപ്രചാരണവും ഗൂഢസിദ്ധാന്തവുമൊക്കെയായി കളം നിറഞ്ഞിരുന്ന കെന്നഡി ജൂനിയർ ട്രംപിന്റെ അടുത്താളാണ്. യുഎസിന്റെ ആരോഗ്യ സെക്രട്ടറിയായി ട്രംപ് നിയോഗിച്ചതും മറ്റാരെയുമല്ല. എന്നാൽ കെന്നഡി ജൂനിയറിന് ഒരു ഭൂതകാലമുണ്ട്. ലഹരിമരുന്നുമായി ബന്ധപ്പെട്ട ഒരു ഭൂതകാലം. തങ്ങളുടെ ആരോഗ്യമേഖലയുടെ ഭാവി തലവന്റെ ലഹരി ഉപയോഗം സംബന്ധിച്ച ചർച്ചകൾ മാസങ്ങളായി യുഎസിൽ തകൃതിയാണ്.

പതിന്നാലാം വയസ്സിൽ പിതാവിന്റെ മരണം റോബർട്ടിനെ ഉലച്ചിരുന്നു. പിന്നീട് 15-ാം വയസ്സിൽ ലഹരിയുപയോഗം തുടങ്ങി. 16-ാം വയസ്സിൽ ലഹരി കൈവശം വച്ചതിന് കെന്നഡി അറസ്റ്റിലായി. മിൽബ്രൂക്, പോംഫ്രെറ്റ് എന്നീ ബോർഡിങ് സ്കൂളുകളിൽ നിന്നു പുറത്താകുന്നതിലേക്കും റോബർട്ടിന്റെ ലഹരി ഉപയോഗം നയിച്ചു. അക്കാലത്ത് ഒരു വിദ്യാർഥി ഗ്യാങ്ങിന്റെ നേതാവുമായിരുന്നു കെന്നഡി ജൂനിയർ. കളവ്, അടിപിടി തുടങ്ങി എല്ലാ തരികിടകളിലും ഈ ഗ്യാങ് സജീവമായിരുന്നു. പിൽക്കാലത്ത് കെന്നഡി ജൂനിയർ പ്രശസ്തമായ ഹാർവഡിലെ വിദ്യാ‍ർഥിയായി. കൊക്കെയ്നും ഹെറോയ്നുമായുള്ള ബന്ധം അന്നും ഉപേക്ഷിക്കാൻ അദ്ദേഹം തയാറായിരുന്നില്ല.

1982ൽ മാൻഹറ്റനിലെ അസിസ്റ്റന്റ് ജില്ലാ അറ്റോണിയായി അദ്ദേഹം നിയമിതനായി. എന്നാൽ തൊട്ടടുത്ത വർഷം ഹെറോയിനുമായി അദ്ദേഹത്തെ പിടികൂടി. 1984ൽ ശിക്ഷാനടപടിയെന്ന നിലയിൽ സാമൂഹ്യസേവനം ചെയ്യാൻ അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടു. പിൽക്കാലത്ത് ലഹരിയിൽ നിന്നു മുക്തനാകണമെന്ന് കെന്നഡി ജൂനിയർ ആത്മാർഥമായി ആഗ്രഹിച്ചു. ഒരു ചികിത്സാകേന്ദ്രത്തിൽ എത്തിയ അദ്ദേഹം 29ാം വയസ്സിൽ ലഹരിയിൽ നിന്നു മുക്തനായി. പിൽക്കാലത്ത് വിവിധ പൊതുപ്രവർത്തനങ്ങളുടെ ഭാഗമായാണ് കെന്നഡി ജൂനിയർ തന്റെ രാഷ്ട്രീയ ജീവിതം ശക്തപ്പെടുത്തിയത്.

You might also like

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

Top Picks for You
Top Picks for You