ഷിംല: സൈനികനായിരുന്ന ആശിഷ് കുമാറിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹം. എന്നാൽ രാജ്യസേവനത്തിനിടെ വീരമൃത്യുവരിച്ച അദ്ദേഹത്തിന് അത് സാധിക്കാതെ പോയി. ഇതുമനസ്സിലാക്കിയ സഹപ്രവർത്തകരായ പട്ടാള ഉദ്യോഗസ്ഥർ കൂട്ടമായി എത്തി ആശിഷ് കുമാറിന്റെ ആഗ്രഹം മനോഹരമായി നിർവഹിച്ചു. വിവാഹ മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കാൻ യൂണിഫോമിൽ പട്ടാള ഉദ്യോഗസ്ഥർ അണിനിരന്നപ്പോൾ ആ കാഴ്ച ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു.
ഹിമാചൽ പ്രദേശിലിലെ സിർമൗർ ജില്ലയിലെ ഭർലി ഗ്രാമത്തിൽ ആരാധന എന്ന യുവതിയുടെ വിവാഹത്തിനാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞ വർഷം അരുണാചൽ പ്രദേശിൽ ൈസനിക നടപടികൾക്കിടെയാണ് ആശിഷ് കുമാർ വീരമൃത്യു വരിച്ചത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് പട്ടാളം വിവാഹ ചടങ്ങിനെത്തിയത്. വിവാഹ സമ്മാനമായി സ്ഥിര നിക്ഷേപത്തിന്റെ രേഖയും പട്ടാള ഉദ്യോഗസ്ഥർ കൈമാറി. സഹോദരന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.







