ഓട്ടവ: കാനഡയിൽ നിന്ന് ദുബായിലേക്കോ യുഎഇയിലെ മറ്റെവിടെയെങ്കിലേക്കുമോ യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും തീവ്രവാദ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകിയത്. നിലവിൽ മഞ്ഞ ജാഗ്രതയാണ് കാനഡ പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
യുഎഇയിലെ സുരക്ഷാ സ്ഥിതി പ്രവചനാതീതമായി തുടരുകയാണ്. സ്ഥിതി വഷളായാൽ വിമാനങ്ങൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും വ്യോമാതിർത്തി അടച്ചേക്കുമെന്നും യാത്രാ തടസ്സങ്ങൾക്ക് കാരണമാകുമെന്നും കാനഡ മുന്നറിയിപ്പ് നൽകുന്നു. തീവ്രവാദ ഗ്രൂപ്പുകൾ യുഎഇയെ ആക്രമിക്കാൻ ലക്ഷ്യമിടുന്നതായുള്ള സൂചനകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ, പ്രത്യേകിച്ച് ജൂത, ഇസ്രയേലി ലക്ഷ്യങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യം സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.