ബ്രിട്ടിഷ് കൊളംബിയയിലെ ഒട്ടകപ്പക്ഷി ഫാമിലെ 400 പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള CFIA നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേസിൽ അപ്പീൽ നൽകാൻ ഫാം ഉടമകൾക്ക് അനുമതി നൽകുന്നത് പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ.
പക്ഷികളെ കൊന്നൊടുക്കാൻ ദിവസങ്ങളായി ഫാമിൽ തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA). അഭിഭാഷകൻ ഉമർ ഷെയ്ഖ് മുഖേന സമർപ്പിച്ച സുപ്രീം കോടതി ഉത്തരവ് പ്രകാരം, അപ്പീൽ ഹർജി തള്ളുന്നത് വരെയോ അല്ലെങ്കിൽ അപ്പീൽ അനുവദിക്കുന്ന പക്ഷം കേസിൽ വിധി വരുന്നത് വരെയോ CFIA യുടെ നടപടികൾ നിർത്തിവെക്കണം.
കഴിഞ്ഞ ഡിസംബറിൽ ഫാമിലെ പക്ഷികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 70 പക്ഷികൾ ചത്തിരുന്നു. ഇതിനു പിന്നാലെയാണ് പക്ഷികളെ മുഴുവൻ കൊന്നൊടുക്കാൻ ഉത്തരവിട്ടത്. എന്നാൽ, ഫാം ഉടമകൾ കോടതി വഴിയും സമൂഹമാധ്യമങ്ങളിലൂടെയും ഇതിനെതിരെ പോരാടുകയായിരുന്നു. കോടതി വിധി അറിഞ്ഞപ്പോൾ പക്ഷികളെ കെട്ടിപ്പിടിക്കാനാണ് തനിക്ക് തോന്നിയതെന്ന് ഫാം ഉടമകളിൽ ഒരാളായ കാരെൻ എസ്പേഴ്സൺ പറഞ്ഞു.







