ഓട്ടവ: സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയാണ് ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് എന്ന് സർവേ. ഇപ്‌സോസ് പോൾ പ്രകാരം, പ്രതികരിച്ചവരിൽ 57 ശതമാനം പേരും ഇങ്ങനെയൊരു അഭിപ്രായമാണ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയാണ് ഏറ്റവും സ്വാധീനമുള്ള വാർത്താ സ്രോതസ്സുകളിൽ ഒന്നെന്ന് പലരും ചൂണ്ടിക്കാട്ടി. കാനഡയിൽ ഫേസ്ബുക്ക് വാർത്താ ഉള്ളടക്കം നിരോധിച്ചിട്ടുണ്ടെങ്കിലും 14 ശതമാനം പേർ അതിനെ പ്രത്യേകം പരാമർശിച്ചു.
ജൂലൈ 11 മുതൽ 21 വരെ 1,000 കനേഡിയൻ നിവാസികളിലാണ് ഓൺലൈൻ സർവേ നടത്തിയത്. പ്രാദേശിക വാർത്തകളുമായി ബന്ധപ്പെട്ട പബ്ലിക് പോളിസി ഫോറത്തിൻ്റെ പഠനത്തിൻ്റം ഭാഗമായാണിത്. പ്രാദേശിക വാർത്താ മാധ്യമങ്ങളുടെ സ്വാധീനത്തിലുണ്ടായ കുറവ് നിരവധി കനേഡിയക്കാരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ഫോളോ ചെയ്യാൻ നിർബന്ധിതരാക്കുന്നു എന്ന് സർവ്വെ വിലയിരുത്തുന്നു. തങ്ങളുടെ സ്ഥാനാർത്ഥികളെക്കുറിച്ചും പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും അറിയാൻ ആളുകൾ കൂടുതൽ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഈ പോൾ വ്യക്തമാക്കുന്നതെന്ന് ഇപ്‌സോസിലെ സീനിയർ വൈസ് പ്രസിഡൻ്റ് ഷോൺ സിംപ്‌സൺ പറയുന്നു.
പ്രാദേശിക വാർത്തകളുടെ ലഭ്യത കൂടുതലായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സമ്മതിദാന അവകാശം വിനിയോഗിക്കുമായിരുന്നു എന്ന 70 ശതമാനം ആളുകളും അഭിപ്രായപ്പെട്ടതായി സർവേ പറയുന്നു. ടൊറൻ്റോ സ്റ്റാർ മുൻ കോളമിസ്റ്റ് ടിം ഹാർപ്പർ, മക്ലീൻ മുൻ എഡിറ്റർ-ഇൻ-ചീഫ് അലിസൺ അങ്കിൾസ് എന്നിവരാണ് റിപ്പോർട്ടിന് പിന്നിലുണ്ടായിരുന്നത്. രാഷ്ട്രീയ വാർത്തകൾ കൂടുതൽ ഫലപ്രദമായി റിപ്പോർട്ട് ചെയ്യുന്നതിന് ഒരു സ്ഥിരം ഫണ്ട് മാധ്യമ സ്ഥാപനങ്ങൾക്ക് നൽകുകയെന്ന നിർദ്ദേശവും ഇവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.