കനേഡിയൻ സർക്കാരുകൾ എഐയ്ക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് 85% കനേഡിയൻമാരും അഭിപ്രായപ്പെടുന്നതായി റിപ്പോർട്ട്. കാനഡയിലുടനീളം കൃത്രിമബുദ്ധിയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ, എഐ ധാർമ്മികമായും സുരക്ഷിതമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തലങ്ങളിലുമുള്ള സർക്കാരുകൾ അതിനെ നിയന്ത്രിക്കണമെന്നാണ് ഭൂരിഭാഗം കനേഡിയൻമാരും അഭിപ്രായപ്പെടുന്നത്.
ലെഗർ ആണ് ഇതു സംബന്ധിച്ച് സർവ്വെ നടത്തിയത്. സർവേയിൽ പങ്കെടുത്ത 85 ശതമാനം കനേഡിയൻമാരും എഐ ടൂളുകൾ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 22നും 25നും ഇടയിൽ 1,518 പേരാണ് ഓൺലൈനായി സർവേയിൽ പങ്കെടുത്തത്. എഐ നിയന്ത്രണം ആഗ്രഹിക്കുന്ന 85 ശതമാനം പേരിൽ 57 ശതമാനം പേരും ശക്തമായി അതിനെ അനുകൂലിക്കുന്നതായും കണ്ടെത്തി. വോട്ടെടുപ്പിൽ 34 ശതമാനം കനേഡിയൻമാരും എഐ സമൂഹത്തിന് നല്ലതാണെന്നും അഭിപ്രായപ്പെട്ടു. 36 ശതമാനം പേർ അത് ദോഷകരമാണെന്ന് വിശ്വസിക്കുന്നു. ഏകദേശം 31 ശതമാനം പേർ ഉറപ്പില്ല എന്നാണ് പറഞ്ഞത്. ഭൂരിഭാഗം കനേഡിയൻമാരും പറയുന്നത് തങ്ങളുടെ ജോലിസ്ഥലങ്ങളിൽ എഐ സഹായകരമായിട്ടുണ്ട് എന്നാണ്.







