ആൽബെർട്ട: പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ തെക്കൻ ആൽബെർട്ടയിൽ തുറന്നു. ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. സൂപ്പർക്യു ക്വാണ്ടം കമ്പ്യൂട്ടിംഗ് ആണ് ലെത്ത്ബ്രിഡ്ജിലെ ടെക്കണക്ട് ഇന്നൊവേഷൻ സെന്ററിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് ഹബ് തുറന്നിരിക്കുന്നത്. സൂപ്പർ എന്ന പ്ലാറ്റ്‌ഫോം വെബ് അധിഷ്ഠിതമാണ്. ചാറ്റ്ജിപിടിയെപ്പോലെ തന്നെ, സങ്കീർണ്ണമായ പ്രശ്‌നങ്ങളെക്കുറിച്ച് ലളിതമായ ഇംഗ്ലീഷിൽ ചോദിക്കാനും സാധ്യമായ എല്ലാ പരിഹാരങ്ങളും ഒരേസമയം കണ്ടെത്താനും ഉപയോക്താക്കൾക്ക് ഇതിലൂടെ കഴിയുമെന്ന് സൂപ്പർക്യു സ്ഥാപകൻ മുഹമ്മദ് ഖാൻ പറയുന്നു.
ക്ലാസിക്കൽ കമ്പ്യൂട്ടിംഗും ക്വാണ്ടം കമ്പ്യൂട്ടിംഗും സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും നമ്മൾ ദിവസവും ഉപയോഗിക്കുന്നത് ക്ലാസിക്കൽ കമ്പ്യൂട്ടിംഗാണ് എന്ന് ഖാൻ പറയുന്നു. ഒരു വഴി സ്വീകരിച്ച് പരാജയപ്പെട്ടാൽ തിരിച്ചുവന്ന് മറ്റൊരു വഴി സ്വീകരിക്കുകയാണ് ക്ലാസിക്കൽ കമ്പ്യൂട്ടിംഗിൽ ചെയ്യുക.
അതേസമയം ക്വാണ്ടം കമ്പ്യൂട്ടിംഗ് സാധ്യമായ എല്ലാ വഴികളിലൂടെയും ഒരേ സമയം സഞ്ചരിക്കുന്നത് കൊണ്ട് തന്നെ വളരെ വേഗത്തിൽ തന്നെ ഉത്തരങ്ങളും നിർദ്ദേശങ്ങളും നൽകാൻ കഴിയും. ഈ പ്രവർത്തനരീതിയാണ് ഇതിൻ്റെ പ്രത്യേകത ആയി പറയുന്നത്. ലൈസൻസ് എടുത്തു കഴിഞ്ഞാൽ ഇത് പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. കാനഡ, അമേരിക്ക, യൂറോപ്പ്, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ മറ്റ് സ്ഥലങ്ങളിലും സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കമ്പനി.