കാനഡ, യുഎസ്, യുകെ, ഓസ്‌ട്രേലിയ (“ബിഗ് ഫോർ”) തുടങ്ങിയ പരമ്പരാഗത പഠനകേന്ദ്രങ്ങളെ ആശ്രയിക്കാതെ പുതിയ രാജ്യങ്ങളെ ലക്ഷ്യമിടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. വർധിപ്പിച്ച ട്യൂഷൻ ഫീസും സാമ്പത്തിക രേഖകൾ ഹാജരാക്കുന്നതിലെ കർശന നിയമങ്ങളുമാണ് മാറ്റത്തിന് പ്രധാന കാരണം. വിദ്യാഭ്യാസ ഗുണനിലവാരത്തേക്കാൾ, പഠനച്ചെലവ്, പഠനാനന്തര തൊഴിലവസരങ്ങൾ, രാജ്യത്തിന്റെ ഇമിഗ്രേഷൻ നയങ്ങൾ എന്നിവയ്ക്കാണ് വിദ്യാർത്ഥികൾ ഇപ്പോൾ മുൻഗണന നൽകുന്നത്.
സാമ്പത്തികം അനുസരിച്ചുള്ള ഇത്തരം സമീപനം കാരണം, ജർമ്മനി, അയർലൻഡ്, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ കുറഞ്ഞ ട്യൂഷൻ ഫീസും മെച്ചപ്പെട്ട തൊഴിൽ സാധ്യതകളും വാഗ്ദാനം ചെയ്യുന്നു. ജർമ്മനിയിൽ മാത്രം 2024-25-ൽ 4 ലക്ഷത്തിലധികം പുതിയ വിദ്യാർത്ഥികളെത്തി. പഠനശേഷം ജോലി ലഭിക്കാനുള്ള എളുപ്പവും വീസ നടപടികൾ ലഘൂകരിച്ചതുമാണ് ഈ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ നിക്ഷേപത്തിന്മേലുള്ള വരുമാനം (ROI) പ്രധാനമായതിനാൽ, വിദേശ പഠനം ഇപ്പോൾ ഒരു ‘സാമ്പത്തിക കണക്കുകൂട്ടൽ’ ആയി മാറിയിരിക്കുകയാണ്.







