പകർച്ചവ്യാധികൾ അതിവേഗം പടരുന്ന സാഹചര്യത്തിൽ ക്യൂബയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരമാർക്ക് ജാഗ്രതാ നിർദ്ദേവുമായി ഫെഡറൽ സർക്കാർ. നിലവിൽ ക്യൂബയിൽ ചിക്കൻഗുനിയ, ഡെങ്കിപ്പനി, ഒറോപൂച്ച് തുടങ്ങിയ പകർച്ചവ്യാധികൾ അതിവേഗം പടരുന്നതായും രാജ്യം സമീപകാലത്തെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് 12 പേരും ചിക്കുൻഗുനിയ ബാധിച്ച് 21 പേരും മരിച്ചതായി ക്യൂബയുടെ പൊതുജനാരോഗ്യ സഹമന്ത്രി കരിൽഡ പെന ഗാർസിയ സ്ഥിരീകരിച്ചു.
ക്യൂബയിലേക്ക് പോകുന്നവർ ചിക്കുൻഗുനിയയും ഒറോപൂച്ച് പരത്തുന്ന കൊതുകുകളുടെയും മിഡ്ജുകളുടെയും കടിയേൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. കൊതുകുകളിൽ നിന്നും മറ്റ് പ്രാണികളിൽ നിന്നും പകരുന്ന രോഗങ്ങൾ തടയുന്നതിനായി റിപ്പലന്റുകൾ ഉപയോഗിക്കണമെന്നും ശരീരം പൂർണ്ണമായി മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. യാത്രയ്ക്ക് ആറാഴ്ച മുൻപ് തന്നെ ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ജനലുകൾ അടച്ചിടുകയും എയർ കണ്ടീഷനിംഗും ഉള്ള മുറികൾ ഉൾപ്പെടെ, കൊതുകുകളെ അകറ്റി നിർത്താൻ കഴിയുന്ന സ്ഥലങ്ങളിൽ താമസിക്കണമെന്നും സർക്കാർ പറയുന്നു. അതേസമയം ക്യൂബയിൽ നിന്ന് തിരിച്ചെത്തിയ ചില യാത്രക്കാരിൽ ഹെപ്പറ്റൈറ്റിസ് എ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.







