ബെംഗളൂരു: സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിലൂടെ കൂട്ടിച്ചേർത്ത ഇരട്ട ഉപഗ്രഹങ്ങളെ വിജയകരമായി വേർപിരിച്ചതായി ഐഎസ്ആർഒ. ജനുവരി പതിനാറിനാണ് SDX 01 (ചേസർ), SDX 02 (ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഇസ്രൊ കൂട്ടിച്ചേർത്തത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായിരുന്നു ഇത്. എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കാരണം ഉപഗ്രഹങ്ങളുടെ വേർപിരിയൽ ദൗത്യം വൈകുകയായിരുന്നു. ബഹിരാകാശത്ത് വച്ച് ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ വേർപിരിയുന്ന അതുല്യ ദൃശ്യങ്ങൾ ഇസ്രൊ പുറത്തുവിട്ടു.
ഇന്ന് രാവിലെ 9.15-ഓടെ ഉപഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിംഗ് പ്രക്രിയ ഇസ്രൊ വിജയകരമായി പൂർത്തിയാക്കി. രണ്ട് ഉപഗ്രഹങ്ങൾ തമ്മിൽ ഊർജ്ജക്കൈമാറ്റം നടത്തുന്ന പവർ ട്രാൻസ്ഫർ പരീക്ഷണം നിലവിൽ പൂർത്തിയാക്കിയിട്ടില്ല. അധികം വൈകാതെ ഉപഗ്രഹങ്ങളെ വീണ്ടും കൂട്ടിച്ചേർത്ത് മറ്റൊരു ഡോക്കിംഗ് പരീക്ഷണം ഐഎസ്ആർഒ നടത്തും. ഇതിന് ശേഷം ഊർജ്ജക്കൈമാറ്റ പരീക്ഷണവും നടത്തുമെന്നാണ് വിവരം.
Spadex undocking captured from both SDX-1 & SDX-2! 🛰️🛰️🎥
— ISRO (@isro) March 13, 2025
Watch the spectacular views of this successful separation in orbit.
Congratulations to India on this milestone! 🇮🇳✨ #Spadex #ISRO #SpaceTech pic.twitter.com/7u158tgKSG
2024 ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിൽ എസ്‌ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുകയും ഊർജ്ജക്കൈമാറ്റം നടത്തുകയും വേർപെടുത്തുകയുമാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരുന്നത്. 2025 ജനുവരി 16-ന് രാജ്യത്തിൻറെ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിംഗ് ഇസ്രൊ വിജയകരമായി നടത്തിയിരുന്നു. പലതവണ മാറ്റിവെച്ച ഈ പരീക്ഷണം നാലാം ശ്രമത്തിലാണ് ഇസ്രൊ വിജയകരമാക്കിയത്. ഇതോടെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു.