ടൊറന്റോ: സ്ത്രീകളെ അലട്ടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമായ എൻഡോമെട്രിയോസിസ് കണ്ടുപിടിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം തേടി ടൊറന്റോയിലെ ഗവേഷകർ. രോഗനിർണ്ണയത്തിന് എടുക്കുന്ന അഞ്ചു മുതൽ പത്തു വർഷം വരെയുള്ള നീണ്ട കാലയളവ് ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ‘ഡാന’ (DANA) എന്ന എഐ ആപ്പാണ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെയും മൗണ്ട് സിനായ് ഹോസ്പിറ്റലിലെയും വിദഗ്ധർ ചേർന്നാണ് ഈ നൂതന പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
ഗർഭാശയത്തിന് പുറത്ത് ടിഷ്യൂകൾ അസാധാരണമായി വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. കഠിനമായ വേദന, അമിത രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന ഈ രോഗം കാനഡയിലെ മാത്രം പത്തു ലക്ഷത്തോളം സ്ത്രീകളെ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുമായി സാമ്യമുള്ളതിനാൽ കൃത്യമായ രോഗനിർണ്ണയം നടക്കാൻ വർഷങ്ങളെടുക്കാറുണ്ട്. രോഗനിർണ്ണയത്തിലെ ഈ സങ്കീർണ്ണത ഒഴിവാക്കി രോഗികളെ തുടക്കത്തിൽ തന്നെ ശരിയായ വിദഗ്ധ ഡോക്ടർമാരുടെ അടുത്തെത്തിക്കാൻ പുതിയ ആപ്പ് സഹായിക്കുമെന്ന് ആപ്പിന്റെ സഹസ്രഷ്ടാവായ ഡോ. നുസീലിയോ ലെമോസ് പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തെ രോഗികളുടെ വിവരങ്ങൾ, സ്കാനിംഗ് റിപ്പോർട്ടുകൾ, ചികിത്സാ ഫലങ്ങൾ എന്നിവ വിശകലനം ചെയ്താണ് എഐ പ്രവർത്തിക്കുന്നത്. ഒരു ചാറ്റ് ബോട്ടിന്റെ സഹായത്തോടെ രോഗിയുടെ ലക്ഷണങ്ങൾ ചോദിച്ചറിഞ്ഞ് അവ വിശകലനം ചെയ്യാനും എൻഡോമെട്രിയോസിസ് സാധ്യത പ്രവചിക്കാനും ഈ ആപ്പിന് സാധിക്കും. ഇതിലൂടെ അനാവശ്യമായ പരിശോധനകളും ഡോക്ടർമാരുടെ സന്ദർശനങ്ങളും ഒഴിവാക്കി രോഗനിർണ്ണയ സമയം 80 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. നിലവിൽ സ്ത്രീകൾ ശരിയായ ചികിത്സ ലഭിക്കുന്നതിന് മുൻപ് ശരാശരി 14 ഡോക്ടർമാരെ വരെ സന്ദർശിക്കേണ്ടി വരുന്നുണ്ട്.
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും നിസ്സാരവൽക്കരിക്കപ്പെടുന്ന പ്രവണതയ്ക്ക് ഈ ആപ്പ് ഒരു പരിഹാരമാകുമെന്ന് ഗവേഷകയായ ഡോ. ഡാഫ്‌ന സസ്മാൻ അഭിപ്രായപ്പെട്ടു. “ആർത്തവ വേദന സ്വാഭാവികമാണെന്ന ധാരണ കാരണം പലരും ചികിത്സ തേടാറില്ല. ഈ ആപ്പ് രോഗികളെ ശാക്തീകരിക്കുകയും അവരുടെ വേദനയ്ക്ക് കൃത്യമായ കാരണമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും,” അവർ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ ആപ്പ് രോഗികൾക്കും ഡോക്ടർമാർക്കും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ആരോഗ്യമേഖലയിലെ ലിംഗവിവേചനവും ഫണ്ടിന്റെ കുറവും പരിഹരിക്കുന്നതിനായി കനേഡിയൻ സർക്കാർ പുതിയ നിയമനിർമ്മാണങ്ങൾ (Bill S-243) നടപ്പിലാക്കുന്നതിനിടെയാണ് ഇത്തരമൊരു സാങ്കേതിക മുന്നേറ്റം ഉണ്ടാകുന്നത്.







