ന്യൂജഴ്സി: പതിനൊന്നു വർഷം മുൻപ് റഷ്യ സ്വന്തമെന്നു പ്രഖ്യാപിച്ച ക്രൈമിയ വിട്ടുതരാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തയാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുക്രെയ്നിലെ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടായിരുന്നു ക്രൈമിയ സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം. റോമിൽ സെലെൻസ്കിയുമായി ചർച്ച നടത്തിയപ്പോൾ, യുക്രെയ്നിൽ സമാധാനം കൊണ്ടുവരാനായി റഷ്യയ്ക്ക് ക്രൈമിയ വിട്ടുനൽകാൻ അദ്ദേഹം തയാറാണെന്ന പ്രതീതിയാണ് ഉണ്ടായതെന്നും ട്രംപ് പറഞ്ഞു.
യുക്രെയ്നിലെ ജനവാസമേഖലകളിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ട്രംപ് രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ, അടുത്തമാസം 8 മുതൽ 10 വരെ വെടിനിർത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയൻ സഖ്യം വിജയം കണ്ടതിന്റെ 80–ാം വാർഷികം പ്രമാണിച്ചാണ് വെടിനിർത്തൽ. കരിങ്കടലിന്റെ വടക്കൻ തീരത്തുള്ള ഉപദ്വീപായ ക്രൈമിയയെ യുക്രെയ്നിൽനിന്ന് 2014ൽ ആണ് റഷ്യ പിടിച്ചെടുത്തത്. ക്രൈമിയക്കാര്യത്തിൽ സെലെൻസ്കി ഇതുവരെ അന്തിമനിലപാടു വ്യക്തമാക്കിയിട്ടില്ലെങ്കിലും മേഖല വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്നിലെ ജനപ്രതിനിധികൾ ഉൾപ്പെടെ അധികൃതർ പ്രതികരിച്ചു.