അമേരിക്കന് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപിന്റെ അധിക താരിഫ് ഭിഷണിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ കറന്‍സി. യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. ബുധനാഴ്ച ഒറ്റ ദിവസം കൊണ്ട് രൂപയുടെ മൂല്യം 89 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 87.80 രൂപയായി. മൂന്ന് വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്. ഒരു ഡോളറിന് 87 രൂപയില്‍ കൂടുതല്‍ വില വരുന്നത് മാര്‍ച്ച മാസത്തിനു ശേഷം ഇതാദ്യമാണ്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി. ഇറക്കുമതിക്കാരില്‍ നിന്നുള്ള ഡോളറിന്റെ വര്‍ധിച്ച ഡിമാന്‍ഡും വിദേശ ഫണ്ടുകളുടെ ഒഴുക്കും രൂപയെ പ്രതികൂലമായി ബാധിച്ചതായി ഫോറെക്സ് വ്യാപാരികള്‍ അറിയിച്ചു.
വിദേശനാണ്യ വിപണിയില്‍, രൂപ ഡോളറിനെതിരെ 87.10 എന്ന നിലയില്‍ വ്യാപാരം ആരംഭിക്കുകയും 87.43 വരെ എത്തുകയും പിന്നീട് 87.80 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു.