വാഷിങ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അഭിപ്രായമില്ലെന്ന് മറുപടി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ് ഏറ്റെടുക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു സൈനിക നടപടിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകില്ലെന്ന് തന്നെയാണ് ട്രംപ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, ഗ്രീൻലൻഡ് വിഷയത്തിൽ ഇടപെടുന്ന യൂറോപ്യൻ യൂണിയനെതിരെ ട്രംപ് രംഗത്തെത്തി. യൂറോപ്പ് ആദ്യം യുക്രെയ്ൻ യുദ്ധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു ട്രംപിന്റെ വിമർശനം.
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിർക്കുന്നവർക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളെയായിരുന്നു ട്രംപ് ഇതിലൂടെ ഭീഷണിപ്പെടുത്തിയത്. നേരത്തെ, നൊബേൽ സമ്മാനത്തിന് പരിഗണിക്കാതിരുന്നതിനെ തുടർന്ന് സമാധാനത്തെക്കുറിച്ച് ഇനി ചിന്തിക്കേണ്ടതില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നത് വരെ ലോകം സുരക്ഷിതമായിരിക്കില്ലെന്നാണ് ട്രംപ് ഇതിലൂടെ വ്യക്തമാക്കിയത്.







