ടൊറന്റോ : വിന്‍സര്‍-ടെകംസെ-ലേക്ക്ഷോര്‍ റൈഡിങ്ങില്‍ വീണ്ടും വോട്ടെണ്ണാന്‍ കോടതി ഉത്തരവിട്ടു. ഏപ്രില്‍ 28-ന് നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് പരാജയപ്പെട്ട ലിബറല്‍ സ്ഥാനാര്‍ത്ഥി ജുഡീഷ്യല്‍ റീകൗണ്ടിനായി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ലിബറല്‍ സ്ഥാനാര്‍ത്ഥി ഇറെക് കുസ്മിയര്‍സിക്കിന്റെ നിയമപരമായ വാദങ്ങള്‍ ശരിയാണെന്ന് ഒന്റാരിയോ സുപ്പീരിയര്‍ കോടതി ജഡ്ജി ജെ റോസ് മക്ഫാര്‍ലെയ്ന്‍ പറഞ്ഞു. വോട്ടെണ്ണല്‍ വരും ആഴ്ചകളില്‍ നടക്കും.
2019 മുതല്‍ വിന്‍സര്‍-ടെകംസെ-ലേക്ക്ഷോര്‍ റൈഡിങ്ങിലെ എംപിയായിരുന്ന കുസ്മിയര്‍സിക്കും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി കാത്തി ബോറെല്ലിയും തമ്മിലുള്ള വോട്ട് വ്യത്യാസം 77 ആയിരുന്നു. ഇത് ഓട്ടോമാറ്റിക് റീകൗണ്ടിന് ആവശ്യമായ വോട്ടില്‍ നിന്ന് 7 വോട്ട് കുറവാണ്.
വോട്ടെണ്ണലില്‍ പിശകുകള്‍ സംഭവിക്കാമെന്നും, തിരഞ്ഞെടുപ്പ് രാത്രിയില്‍ പ്രാദേശിക പോളിങ് സ്റ്റേഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ ഇലക്ഷന്‍സ് കാനഡ നാല് പിശകുകള്‍ കണ്ടെത്തിയിരുന്നതായും കുസ്മിയര്‍സിക് പറയുന്നു. തിരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍ വ്യക്തതയും വിശ്വാസ്യതയും ഉണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജഡ്ജിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ആവശ്യമായ എല്ലാ കാര്യങ്ങളിലും തന്റെ ടീം പൂര്‍ണ്ണമായും സഹകരിക്കുമെന്നും ബോറെല്ലി പ്രസ്താവനയില്‍ അറിയിച്ചു.