റിയർവ്യൂ ക്യാമറ തകരാറുകൾ കാരണം ടൊയോട്ടയുടെ 12,000-ത്തിലധികം ട്രക്കുകൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2024 നും 2025 നും ഇടയിൽ നിർമ്മിച്ച ടൊയോട്ട തണ്ട്ര ട്രക്കുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സോഫ്റ്റ്വെയർ പ്രശ്നം കാരണം ട്രാൻസ്മിഷൻ റിവേഴ്സിലേക്ക് മാറുമ്പോൾ റിയർവ്യൂ ക്യാമറ ചിത്രങ്ങൾ കാണാത്ത അവസ്ഥ ഉണ്ടാകുന്നു. കനേഡിയൻ നിയമപ്രകാരം വാഹനം പുറകോട്ട് എടുക്കുമ്പോൾ റിയർവ്യൂ ദൃശ്യങ്ങൾ നിർബന്ധമായും സ്ക്രീനിൽ തെളിയേണ്ടതുണ്ട്.
പനോരമിക് വ്യൂ മോണിറ്റർ സിസ്റ്റം ഘടിപ്പിച്ച തണ്ട്ര, തണ്ട്ര ഹൈബ്രിഡ് മോഡലുകളെ തിരിച്ചുവിളി ബാധിക്കുമെന്ന് ട്രാൻസ്പോർട്ട് കാനഡ പറയുന്നു. സമാനമായ പ്രശ്നത്തെത്തുടർന്ന് അമേരിക്കയിൽ ഏകദേശം 1.62 ലക്ഷം ട്രക്കുകൾ ടൊയോട്ട തിരിച്ചുവിളിച്ചിട്ടുണ്ട്. വാഹനങ്ങളിലെ പാർക്കിങ് അസിസ്റ്റ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കി. തിരിച്ചുവിളിയിൽ ഉൾപ്പെട്ട വാഹനങ്ങളുടെ ഉടമകളെ മെയിൽ വഴി ബന്ധപ്പെടുമെന്നും, ഡീലർഷിപ്പിലേക്ക് വാഹനം കൊണ്ടുപോകാൻ നിർദ്ദേശിക്കുമെന്നും ടൊയോട്ട അറിയിച്ചു.







