പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി ചോർത്തിയ കേസിൽ റോയൽ ബാങ്ക് ഓഫ് കാനഡ (RBC) ജീവനക്കാരൻ അറസ്റ്റിൽ. 23 വയസ്സുള്ള ഇബ്രാഹിം അൽ-ഹക്കിം ആണ് അറസ്റ്റിലായത്. ജൂലൈയിൽ പിടിയിലായ ഇയാൾക്കെതിരെ 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കമ്പ്യൂട്ടർ ദുരുപയോഗം, വ്യക്തിവിവര മോഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ, ഇയാൾ അനധികൃതമായി വിവരങ്ങൾ കൈകാര്യം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അതേസമയം, ഇൻ്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്സ്മെന്റ് ടീമിന് (INSET) കേസ് കൈമാറിയതായി RCMP അറിയിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും RCMP വക്താവ് എറിക് ഗാസ്സെ വ്യക്തമാക്കി.







