ഒഹായോയുടെ പന്ത്രണ്ടാമത് സോളിസിറ്റര്‍ ജനറലായി നിയമിതയായ ഇന്ത്യന്‍ വംശജയായ മഥുര ശ്രീധരനെ ചൊല്ലി വിവാദം. ‘യുഎസ് വംശജനല്ലാത്ത’ ഒരാളെ എന്തിന് ഈ പദവിയിലേക്ക് തിരഞ്ഞെടുത്തു എന്ന് ചോദിച്ച് ഓണ്‍ലൈനില്‍ വലിയ രോഷപ്രകടനമാണ് ഒരു വിഭാഗം നടത്തുന്നത്. നിയമനത്തിന് തൊട്ടുപിന്നാലെ, ശ്രീധരന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ വൈറലാവുകയും വിമര്‍ശകര്‍ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഒഹായോ അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റ് വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി രംഗത്തെത്തി. മഥുരയെ ഈ പദവിയിലേക്ക് നിയമിച്ച യോസ്റ്റ്, അവരെ അമേരിക്കക്കാരിയല്ലെന്ന് തെറ്റായി ചിത്രീകരിക്കുകയാണെന്ന് പറഞ്ഞു.
‘ചില കമന്റുകളില്‍ മഥുര അമേരിക്കക്കാരിയല്ലെന്ന് തെറ്റായി വാദിക്കുന്നു. അവര്‍ ഒരു യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരയാണ്, ഒരു യുഎസ് പൗരനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്, കൂടാതെ പൗരത്വം നേടിയ യുഎസ് പൗരന്മാരുടെ മകളുമാണ്,’ അദ്ദേഹം പറഞ്ഞു. ‘അവരുടെ പേരോ നിറമോ നിങ്ങളെ അലട്ടുന്നുവെങ്കില്‍, പ്രശ്‌നം അവള്‍ക്കോ അവളുടെ നിയമനത്തിനോ അല്ല,’ യോസ്റ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.യോസ്റ്റിന്റെ ഈ നിലപാടിനും ട്രോളുകള്‍ നേരിടേണ്ടി വന്നു.
ഒഹായോ സോളിസിറ്റര്‍ ഓഫീസില്‍ ചേരുന്നതിന് മുന്‍പ്, യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി സെക്കന്‍ഡ് സര്‍ക്യൂട്ടിലെ ജഡ്ജ് സ്റ്റീവന്‍ ജെ. മെനാഷി, യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ദി സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്കിലെ ജഡ്ജ് ഡെബോറ എ. ബാറ്റ്‌സ് എന്നിവരുടെ കീഴില്‍ മഥുര ക്ലാര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് ജൂറിസ് ഡോക്ടറേറ്റ്, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് & കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം, കൂടാതെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇക്കണോമിക്‌സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് & കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിരുദവും നേടിയിട്ടുണ്ട്.