ക്യൂബെക്കിലെ മിനിമം വേതനം മേയ് ഒന്നുമുതൽ വർധിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി ജീൻ ബൗളെറ്റ് അറിയിച്ചു. മണിക്കൂറിന് 50 സെന്റ് (3.1 ശതമാനം) വർധനയിൽ 16.10 ഡോളറിൽ നിന്ന് 16.60 ഡോളറായി വേതന വർധന ഉണ്ടാകും. കൂടാതെ മെയ് ഒന്ന് മുതൽ ടിപ്പ് ലഭിക്കുന്ന ജീവനക്കാരുടെ വേതനം മണിക്കൂറിന് 12.90 ഡോളറിൽ നിന്നും 13.30 ആയി ഡോളറിലേക്ക് ഉയരും.
റീട്ടെയിൽ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ഏകദേശം 2,58,900 ജീവനക്കാർക്ക് വർധന ലഭിക്കും. പണപ്പെരുപ്പത്തിനിടെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊപ്പം ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാനുമാണ് ഈ വർധന നടപ്പിലാക്കുന്നതെന്ന് തൊഴിൽ മന്ത്രി പറഞ്ഞു. ധനമന്ത്രാലയം പ്രവചിച്ച 1.97% പണപ്പെരുപ്പത്തേക്കാൾ ഉയർന്നതാണ് ഈ 3.1% വേതന വർദ്ധനവ് എന്നതും ഏറെ ശ്രദ്ധേയമാണ്.







