സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കെബെക്കിലെ ഡോക്ടര്‍മാര്‍. ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ AI- ജനറേറ്റഡ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വിഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയത്.
മെഡിക്കല്‍ സംവിധാനത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കാനും ഡീപ്‌ഫേക്ക് വിഡിയോകള്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും ചില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനും വില്‍പ്പനയ്ക്കുമായി യഥാര്‍ത്ഥ ഡോക്ടര്‍മാരുടെ AI- ജനറേറ്റുചെയ്ത വിഡിയോകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.
കെബെക്കിലെയും കാനഡയിലെയും എല്ലാ ഡോക്ടര്‍മാരെയും ഇത് വളരെയധികം ബാധിക്കുമെന്ന് മണ്‍ട്രിയോളിലെ മൈസോണ്‍ന്യൂവ്-റോസ്മോണ്ട് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. ഫ്രാങ്കോയിസ് മാര്‍ക്വിസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ഇത്തരത്തിലുള്ള ചില വിഡിയോകള്‍ പ്രചരിക്കുന്ന കണ്ട് ചിലര്‍ ബന്ധപ്പെട്ടിരുന്നുവന്നും ഫ്രാങ്കോയിസ് മാര്‍ക്വിസ് വ്യക്തമാക്കി. ഈ വിഷയത്തെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹംവ്യക്തമാക്കി.